National News

14-ാമത് ദേശീയ സമ്മതിദായക ദിനാചരണത്തിൽ ഇന്ത്യൻ രാഷ്‌ട്രപതി പങ്കെടുത്തു

ഇന്ന് (ജനുവരി 25, 2024) ന്യൂ ഡൽഹിയിൽ നടന്ന 14-ാമത് ദേശീയ സമ്മതിദായക ദിനാചരണത്തിൽ ഇന്ത്യൻ  രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. തദവസരത്തിൽ, 2023 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥർക്ക് 2023 ലെ മികച്ച ഇലക്ടറൽ പ്രാക്ടീസ്സ് അവാർഡുകൾ രാഷ്ട്രപതി സമ്മാനിച്ചു. വോട്ടർമാരുടെ ബോധവൽക്കരണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയതിന് സർക്കാർ വകുപ്പുകളും മാധ്യമ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള പ്രധാന പങ്കാളികൾക്കും അവാർഡുകൾ നൽകി.

നമ്മുടെ ജനാധിപത്യത്തിന്റെ മഹത്തായ യാത്രയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. ഇതുവരെ 17 പൊതു തിരഞ്ഞെടുപ്പുകളും 400 ലേറെ നിയമസഭാ തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആധുനിക സാങ്കേതിക വിദ്യയുടെ വിജയകരമായ ഉപയോഗം ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങൾക്കും മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പു കമ്മീഷൻ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പോളിംഗ് സ്‌റ്റേഷനുകളിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇത്തരം ശ്രമങ്ങളിലൂടെ നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ പേരെ ഉൾകൊള്ളുന്നതായി അവർ അഭിപ്രായപ്പെട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാറിൽ നിന്ന് ‘2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ഇസിഐ സംരംഭങ്ങളുടെ’ ആദ്യ കോപ്പി രാഷ്ട്രപതി ഏറ്റുവാങ്ങി.

‘വോട്ട് ചെയ്യുന്നത് പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യുന്നു’ എന്നതാണ് 2024ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രമേയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close