Wayanad

നാട്ടാന പരിപാലന ചട്ടം: ആനകളുടെ വിവരങ്ങള്‍ അറിയിക്കണം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

ജില്ലയില്‍ ഉത്സവങ്ങളോടനുബന്ധിച്ച് നാട്ടാന പരിപാലന ചട്ടം പ്രകാരം ആനയെ എഴുന്നള്ളിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആഘോഷ കമ്മിറ്റി എഴുന്നള്ളിക്കുന്ന ആനകളുടെ വിവരങ്ങള്‍, രേഖകള്‍ ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ച് ഓഫീസറെയും പോലീസിനെയും അറിയിക്കണമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം. ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനുള്ള നാട്ടാന പരിപാലന ചട്ടം റൂള്‍ 10 പ്രകാരം രൂപീകരിച്ച ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആനകള്‍ എഴുന്നള്ളിപ്പിന് യോജിച്ചതാണെന്ന് രജിസ്റ്റര്‍ ചെയ്ത ജില്ലാ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ്, ആനകളെ കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ പെര്‍മിറ്റ് (അന്യ സംസ്ഥാനത്തുനിന്നുള്ള ആനയാണെങ്കില്‍ ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ കേരളത്തില്‍ നിന്നുള്ള എന്‍ഒസി). എലിഫന്റ് ഡാറ്റ ബുക്ക്, ഓണര്‍ഷിപ്പ്- ഇന്‍ഷുറന്‍സ്-മൈക്രോ ചിപ്പ് ഘടിപ്പിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ്(15 ദിവസത്തിനകമുള്ളത്) സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. അസുഖം, വ്രണം ഉള്ളവയെ എഴുന്നള്ളിക്കുന്നതിന് അനുവദിക്കില്ല. അഞ്ചോ അതില്‍ കൂടുതലോ ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളില്‍ എലിഫന്റ് സ്‌ക്വാഡ് വെറ്ററനറി ഡോക്ടറുടെ സേവനം ഉത്സവ കമ്മിറ്റി ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു പറഞ്ഞു.

 ആഘോഷ കമ്മിറ്റി പാലിക്കേണ്ട നിബന്ധനകള്‍

ആന എഴുന്നള്ളത്ത് സമയങ്ങളില്‍ ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കണം.  രോഗം, മുറിവ്, ക്ഷീണം ഉള്ളവയേയും ഗര്‍ഭിണികളായ ആനകളെയും എഴുന്നള്ളത്തിന് ഉപയോഗിക്കരുത്. ആനയെ നിയന്ത്രിക്കാന്‍ ചങ്ങല,കുന്തം ഉപയോഗിക്കരുത്.  ആവശ്യമായ വിശ്രമം നല്‍കാതെ ചൂട് സമയത്ത് ടാര്‍ റോഡിലൂടെ കൂടുതല്‍ സമയം ആനയെ നടത്തരുത്. ആനയുടെ അടുത്ത് പടക്കം പൊട്ടിക്കാന്‍ പാടില്ല. ആവശ്യമായ വെള്ളം, ആഹാരം, ചൂട് കൂടിയ സമയത്ത് ഷെഡ്, എഴുന്നള്ളത്ത് സമയത്ത് ആനയ്ക്ക് ഇടച്ചങ്ങല എന്നിവ ഉറപ്പാക്കണം. പന്തങ്ങള്‍ (തീവെട്ടി )ആനയുടെ പുറകില്‍ നിന്നും മാറ്റി നിര്‍ത്തണം. പാപ്പാന്മാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ഒന്നര മീറ്റര്‍ താഴെ പൊക്കമുള്ള ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത്.  പറ എഴുന്നള്ളത്തിനുള്ള ആനകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണം. രാവിലെ ആറ് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ എട്ട് വരെയും സമയം ക്രമീകരിക്കണം. രാത്രികാലങ്ങളില്‍ ജനറേറ്റര്‍  ഉറപ്പാക്കണം. ഓരോ ആനയ്ക്കും മൂന്ന് ലക്ഷം രൂപ പൊതുബാധ്യത ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. 15 ആനയില്‍ കൂടുതല്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ക്ക് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രത്യേക അനുമതി തേടണം. പാപ്പാന്മാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ആനയെ കെട്ടുന്ന സ്ഥലത്ത് മതിയായ വെളിച്ചവും ഉറപ്പാക്കണമെന്ന് യോഗത്തില്‍ പറഞ്ഞു. എ.ഡി.എമിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close