THRISSUR

പുത്തന്‍ പുത്തൂരിനായുള്ള പുതിയ ചുവടുവെപ്പ്

പുത്തൂര്‍ റോഡ് വികസനം: നഷ്ടപരിഹാരത്തുക വിതരണം ചെയ്തു

പുത്തൂര്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. പുത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി ഹാളില്‍ നടന്ന നഷ്ടപരിഹാര തുക വിതരണം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. 

കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്കാണ് തുക ലഭിച്ചത്. 47 കോടി രൂപയാണ് നല്‍കുന്നത്.  സമാനതകള്‍ ഇല്ലാത്ത വികസനത്തിനാണ് പുത്തൂര്‍ സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നിരവധി പ്രതിസന്ധികളെ അതിജീവിച്ചു. പുത്തൂര്‍ സെന്റര്‍ വികസനമെന്ന സ്വപ്നത്തിലേക്കുള്ള ദൂരം ഇനി അല്പം മാത്രമാണ്. 

കുട്ടനെല്ലൂര്‍ മുതല്‍ പയ്യപ്പള്ളി മൂല വരെയുള്ള മൂന്നര കിലോമീറ്റര്‍ റോഡ് 15 മീറ്ററായി വീതി വര്‍ധിപ്പിക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന 445 പേര്‍ക്കാണ് നഷ്ടപരിഹാര തുക അനുവദിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞത് രണ്ടുലക്ഷം മുതല്‍ ഒരു കോടി 23 ലക്ഷം വരെ ലഭിക്കുന്നവരുണ്ട്. എല്ലാം മാനങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഓരോരുത്തര്‍ക്കും നഷ്ടപരിഹാര തുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ദേശീയപാത വികസനത്തിന്റെ മാതൃകയിലുള്ള ഭൂമി ഏറ്റെടുപ്പാണ് പുത്തൂരിലും നടക്കുന്നത്. രേഖകള്‍ ഹാജരാക്കാത്തവരുടെ പണം കോടതിയില്‍ കെട്ടിവയ്ക്കുമെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. 

പുത്തൂര്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. ചാക്കോ ചെറുവത്തൂരിന് തുക കൈമാറിയാണ്  ഉദ്ഘാടനം നിര്‍വഹിച്ചത്. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ആമുഖ പ്രഭാഷണം നടത്തി. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം സിനി പ്രദീപ്കുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ നളിനി വിശ്വംഭരന്‍, പി എസ് സജിത്ത്, ലിബി വര്‍ഗീസ്, എ ഡി എം ടി മുരളി, വാര്‍ഡ് മെമ്പര്‍ പി ബി സുരേന്ദ്രന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലാന്‍ഡ് അക്വസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ടിജി ബിന്ദുവിന്റെ നേതൃത്വത്തില്‍ 28 റവന്യൂ ഉദ്യോഗസ്ഥരുടെ അക്ഷീണ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 

സമാന്തര പാലവും ഉടന്‍ യാഥാര്‍ഥ്യമാകും

പുത്തൂര്‍ വികസനത്തിന്റെ ഭാഗമായി മണലിപുഴയ്ക്ക് കുറുകെ ലക്ഷ്യമിടുന്ന സമാന്തര പാലത്തിനായുള്ള കാത്തിരിപ്പിനും വിരാമമാകുന്നു. 2024 ജനുവരിയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ ആകുമെന്ന പ്രതീക്ഷ മന്ത്രി കെ രാജന്‍ പങ്കുവെച്ചു. തുടര്‍ന്ന് 2024ല്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close