THRISSUR

മാലിന്യ സംസ്‌കരണത്തില്‍ മലയാളികള്‍ ഇനിയും ബോധവാന്മാരാകണം: മന്ത്രി കെ. രാജന്‍

കേരളത്തെ ഹരിതാഭമാക്കി മാറ്റുന്ന വിവിധങ്ങളായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണം കുറ്റമറ്റതാക്കാന്‍ മലയാളികള്‍ ഇനിയും ബോധമാന്മാരാകണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. നവകേരള മിഷന്‍ ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്ത്വമായി ഓരോ ജനങ്ങളും കാണണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യത്തിനെതിരെ സമരം നയിക്കുന്ന നായികമാരായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാറി എന്നും അവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസന വിടവുകള്‍ നികത്തിയും വികസന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടും നവകേരളം സൃഷ്ടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് നാല് വികസന മിഷനുകള്‍ ഉള്‍പ്പെടുന്ന നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്. പ്രഖ്യാപിക്കുന്ന പദ്ധതികളെ വിശകലനം ചെയ്ത് അതിലെ ന്യൂനതകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കളക്ട്രേറ്റ് അനക്‌സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ  പുരസ്‌കാരം നല്‍കി ആദരിച്ചു. തുടര്‍ച്ചയായി നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍ കൂടുതല്‍ തവണ ലഭ്യമാക്കിയ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായ പി.എം സുരേഷ്, ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍ കൈവരിച്ച ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, ഏറ്റവും കൂടുതല്‍ തുക മാസ വരുമാനം ലഭിച്ച നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗം ഷൈജി, ഏറ്റവും കൂടുതല്‍ അജൈവമാലിന്യം വേര്‍തിരിച്ചു നല്‍കിയ ഗ്രാമപഞ്ചായത്തായ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബൈജു എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചേംബര്‍ ഓഫ് ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം.എന്‍ സുധാകരന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ സി. ദിദിക, ആന്റണി, ഡോ. ശ്രീജിത്ത്, രമേശ് കേശവന്‍ എന്നിവര്‍ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം മിഷനുകളുടെ നിലവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഭാവി പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close