THRISSUR

തൃശൂര്‍ പൂരം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു ചൂടിൽ തളരുന്നവർക്കായി ഫസിലിറ്റേഷൻ സെൻ്റർ ഒരുക്കും

തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേര്‍ന്നു. സുരക്ഷ, ക്രമസമാധാനപരിപാലനം എന്നിവ ഉറപ്പാക്കും. പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തണം. ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ സുരക്ഷിതമായി നിര്‍ത്തണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കളും ഉപയോഗിക്കരുത്. വെടിക്കെട്ട് ലൈസൻസുള്ളവരിൽ അനുഭവ പരിജ്ഞാനമുള്ളവരെ നിയോഗിക്കണം. 

ക്രമസമാധാനപാലനത്തിന് അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കും. പൂരദിവസങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പൂരപറമ്പില്‍ ഹെലികാം/ ഡ്രോണ്‍ അനുവദിക്കില്ല. പൊലീസ് കണ്‍ട്രോള്‍ റൂമും മിനി പൊലീസ് ഫെസിലിറ്റേഷന്‍ എയ്ഡ് റൗണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കും. 

പൂരം ദിവസങ്ങള്‍ക്ക് മുൻകൂറായി തന്നെ നാട്ടാനപരിപാലന പ്രകാരം സമയബന്ധിതമായി ആനകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തണം. പൂരപ്പറമ്പിലെ ക്ഷുദ്രജീവികളുടെ കൂടുകൾ കണ്ടെത്തി നീക്കം ചെയ്യണം. ജില്ലാ മൃഗസംരക്ഷണ വകുപ്പിനും വെറ്ററിനറി വിഭാഗത്തിനുമാണ് ചുമതല.  കൃത്യമായ ആന പരിപാലന പദ്ധതി തയ്യാറാക്കാനും എലിഫെന്റ് സ്‌ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി.    

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് തൃശൂര്‍ കോര്‍പറേഷന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. പൂരപറമ്പില്‍ അലഞ്ഞ് തിരിയുന്ന മൃഗങ്ങളെ മാറ്റി സംരക്ഷിക്കും. മാലിന്യ ശേഖരണത്തിന് അധിക ബിന്നുകള്‍ സ്ഥാപിക്കും. പൂരപറമ്പിലെ കുഴികളും സ്ലാബില്ലാത്ത കാനകളും അടച്ച് സുരക്ഷിതമാക്കും. വേനല്‍ കനക്കുന്ന പശ്ചാത്തലത്തില്‍ സൂര്യാഘാതം, നിര്‍ജ്ജലീകരണം, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യ സംഘത്തെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നിയോഗിക്കും. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ ചൂടിൽ തളരുന്നവർക്കായി കൂടുതൽ ഫസിലിറ്റേഷൻ സെൻ്ററുകൾ സജ്ജമാക്കും. ആവശ്യമായ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജമാക്കും. 

ഭക്ഷണം വൃത്തിയുള്ള സാഹചര്യത്തിലാണോ തയ്യാറാക്കുന്നതെന്നും,  മായം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. തേക്കിന്‍കാട് മൈതാനിയിലെ ഫയര്‍ ഹൈഡ്രന്റ് പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ക്കും മണ്ണെണ്ണ, പെട്രോള്‍ പമ്പുകള്‍ കാലിയാക്കി അടച്ചിടുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. പൂര്‍ണമായും ഹരിതച്ചട്ടം പാലിക്കും. ആവശ്യത്തിന് ഇ-ടോയ്‌ലറ്റുകള്‍ ഒരുക്കും.   

കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close