Kannur

അവകാശങ്ങളെക്കുറിച്ചുള്ള അവബോധം താഴെത്തട്ടിലും എത്തിക്കണം: ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ചുള്ള അവബോധം താഴെത്തട്ടിലും എത്തിക്കാന്‍ ശ്രമിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സര്‍വതല സ്പര്‍ശിയായ ശാക്തീകരണമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിന്റെയും കമ്മീഷന്റെയും ലക്ഷ്യം. എന്നാല്‍ ക്ഷേമ പദ്ധതികളെക്കുറിച്ചും അവ നിഷേധിക്കപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പലര്‍ക്കും അറിവില്ല.
അജ്ഞതയുമായി മുന്നോട്ട് പോകുന്നത് അവകാശ നിഷേധത്തിന് വഴിവെക്കും. പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘടന ഉള്‍പ്പെടെ ശ്രമിക്കണമെന്നും ‘ന്യൂനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത കമ്മീഷന്‍ അംഗം പി റോസ പറഞ്ഞു.
ചെറു ന്യൂനപക്ഷങ്ങളെക്കൂടി മറ്റ് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ കമ്മീഷന്‍ നടപ്പാക്കി വരുന്നുണ്ടെന്നും ‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്ത്? എന്തിന്?’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത കമ്മീഷന്‍ അംഗം എ സെയ്ഫുദ്ദീന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഒരു ലക്ഷം അഭ്യസ്തവിദ്യർ  തൊഴില്‍ ലഭ്യമാക്കാനുള്ള ലക്ഷ്യവും കമ്മീഷനുണ്ടെന്ന് ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ എത്തിക്കാന്‍ ജില്ലയില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി എല്ലാ ജില്ലകളിലും മൈനോറിറ്റി സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, നീതിനിഷേധം, ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കല്‍ എന്നിങ്ങനെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും കമ്മീഷനില്‍ പരാതി നല്‍കാം. അതിനായി യാതൊരു ചെലവും വഹിക്കേണ്ടതില്ല. ഇ-മെയിലായോ പോസ്റ്റല്‍ മുഖേനയോ സമര്‍പ്പിക്കാം.
വിവിധ വ്യക്തികള്‍ക്കുള്ള പരാതികളും സംശയങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിനെക്കുറിച്ചും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ 14 ജില്ലകളിലും സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ നാലാമത്തെ സെമിനാറാണ് കണ്ണൂരില്‍ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close