THRISSUR

അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

അവണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ശിലാ ഫലകം അനാച്ഛാദനം ചെയ്ത് തറക്കല്ലിടല്‍ നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള പൊതു ആരോഗ്യ മേഖലയെ കൂടുതല്‍ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഗവ മെഡിക്കല്‍ കോളേജ് ഇ ഹെല്‍ത്ത് സേവനങ്ങള്‍കൂടി ഉറപ്പാക്കി കൂടുതല്‍ രോഗി സൗഹൃദമായി മുന്നോട്ട് പോവുകയാണെന്നും എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

എന്‍ എച്ച് എം ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.43 കോടി രൂപ വിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതുകൂടാതെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.5 ലക്ഷം രൂപ ആരോഗ്യ കേന്ദ്രം രോഗീ സൗഹൃദമാക്കുന്നതിനായും ലഭിക്കും. 6276.87 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. പ്രീ ചെക്കപ്പ് റൂം, മൂന്ന് ഒ.പി മുറികള്‍, ഫാര്‍മസി റൂം, സ്റ്റോര്‍ റൂം, പാലിയേറ്റീവ് റൂം, ലബോറട്ടറി, ഡ്രസ്സിംഗ് റൂം, നഴ്‌സിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, ഓഫീസ് റൂം, ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേകം ടോയ്‌ലറ്റ് ഉള്‍പ്പെടെ എട്ട് ടോയ്ലെറ്റുകള്‍, റാംപ് സൗകര്യം, വാഹന പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ കെട്ടിടം. മൂന്ന് നിലകള്‍ പണിയാവുന്ന രീതിയിലുള്ള ഫൗണ്ടേഷനും സ്ട്രക്ച്ചറല്‍ ഡിസൈനുമുള്ള വലിയ നടുമുറ്റത്തോട്കൂടിയ ഒറ്റ നില കെട്ടിടമാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രം.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിനോട് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക ആരോഗ്യകേന്ദ്രമാണ് അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രം. സമീപ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും നഗരസഭാ പരിധിയില്‍ നിന്നും സാധാരണ ജനങ്ങള്‍ അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കാറുണ്ട്. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായി റഫറല്‍ ആശുപത്രി ആയതിനാല്‍ ഒ.പി യില്‍ വരുന്ന രോഗികള്‍ പ്രാദേശിക ആശുപത്രികളില്‍ നിന്ന് റഫറന്‍സ് എഴുതി വാങ്ങിയാല്‍ നേരിട്ട് ഒ.പി ടിക്കറ്റ് എടുക്കുവാന്‍ സാധിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മികച്ച നിലവാരത്തില്‍ ഉയര്‍ത്തുന്നതോടെ റഫറല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കും ഗുണകരമാകും.

പരിപാടിയില്‍ അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. ഡി പി എം ഡോ. സജീവ്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. കെ എസ് സി സി എല്‍ പ്രോജക്ട് എഞ്ചിനീയര്‍ രാജന്‍ പാറേക്കാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി, അവണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിനി, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.വി. ബിജു, ശ്രീലക്ഷ്മി സനീഷ്, അവണൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ തോംസണ്‍ തലക്കോടന്‍, എന്‍.കെ. രാധാകൃഷ്ണന്‍, അഞ്ജലി സതീഷ്, വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു സോമന്‍, ജിഷ പ്രദീപ്, സുരേഷ് അവണൂര്‍, തോമസ് പുത്തിരി, ഐ.ആര്‍. മണികണ്ഠന്‍, കൃഷ്ണകുമാരി, നിമ രാജീവ്, ജിഷ സുബീഷ്, മിനി സൈമണ്‍, അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീമ ഗംഗാധരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close