Palakkad

കേരളത്തിന് അനുയോജ്യമായ മത്സ്യ ഉത്പാദന വിപണന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു: മന്ത്രി സജി ചെറിയാന്‍ ആലത്തൂര്‍ മത്സ്യ ഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരളത്തിന് അനുയോജ്യമായ മത്സ്യ ഉത്പാദന വിപണന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സ്യ മേഖലയില്‍ നൂതനമായ ആശയങ്ങളുമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മത്സ്യ മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു. ആലത്തൂര്‍ മത്സ്യ ഭവന്‍ കെട്ടിടം മംഗലംഡാമില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതല്‍ കടലും ഉള്‍നാടന്‍ ജലാശയങ്ങളുമായുള്ള നാടാണ് കേരളം. മത്സ്യ ഉത്പാദന വിപണന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വലിയ സാധ്യതകളാണ് ഉള്ളത്. സംസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് വലിയ ഉണര്‍വുണ്ടാകും. ഉള്‍നാടന്‍ ജലാശയങ്ങള്‍ മത്സ്യ കൃഷിക്കായി ഉപയോഗിക്കാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. ചെറുപ്പക്കാര്‍ മത്സ്യ മേഖലയിലേക്ക് കടന്നുവരണമെന്നും മന്ത്രി പറഞ്ഞു. 

മാര്‍ക്കറ്റില്‍ നല്ല വിപണി വില ലഭിക്കുന്ന മത്സ്യങ്ങള്‍ ഉത്പാദിപ്പിക്കണം. മത്സ്യകൃഷി വ്യാപിക്കുന്നതിന് പഞ്ചായത്ത് ഉള്‍പ്പെടെ ത്രിതല സംവിധാനങ്ങളുമായി യോജിച്ച് മുന്നോട്ടു പോകണം. ഫിഷറീസ് മേഖലയിലെ പിന്നാക്ക അവസ്ഥ മറികടന്ന് 25 വര്‍ഷമെങ്കിലും മുന്നോട്ട് എത്തുക എന്നതാണ് സര്‍ക്കാര്‍ നയം. അടുത്ത 25 വര്‍ഷത്തിനുശേഷം ഫിഷറീസ് മേഖലയില്‍ എന്ത് നടക്കണം എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ആ നിലയില്‍ ഒരു സ്ട്രാറ്റജിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മത്സ്യം ഉപയോഗിച്ചുകൊണ്ട് ഒരുപാട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിന് വിപണിയില്‍ വലിയ ആവശ്യക്കാരും ഉണ്ട്. ഇതിലൂടെ നാട്ടില്‍ ഒരുപാട് പേര്‍ക്ക് ജോലിയും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 20.75 ലക്ഷം രൂപ ഉപയോഗിച്ചാണ് മത്സ്യഭവന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ജില്ലാ പഞ്ചായത്തംഗം ആര്‍. ചന്ദ്രന്‍, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ്, ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീലാ അബ്ദുള്ള, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എച്ച്. സലീം, പി.എച്ച് സെയ്താലി, സുബിത മുരളീധരന്‍, എസ്. ഇബ്രാഹിം, അഡ്വ. ഷാനവാസ്, കെ.കെ മോഹനന്‍, കെ.എം ശശീന്ദ്രന്‍, തോമസ് ജോണ്‍, കെ. അജിത്, ലസ് ലി വര്‍ഗ്ഗീസ്, എസ്. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close