Malappuram

മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാടിന് സമര്‍പ്പിച്ചു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉദ്ഘാടനം നിര്‍വഹിച്ചു

ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ ഏഴു നിലകളിലായി നിര്‍മിച്ച കെട്ടിട സമുച്ചയം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു.  വേഗത്തിലും സുതാര്യവുമായി കേസുകള്‍ തീര്‍പ്പാക്കിയാല്‍ മാത്രമേ പരാതിക്കാര്‍ക്ക് യഥാര്‍ത്ഥ നീതി ലഭിച്ചു എന്ന് പറയാനാവൂ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ കടന്നു വരവും തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള ജനങ്ങളുടെ അവബോധവും കാരണം സംസ്ഥാനത്തെ കോടതികളില്‍ കേസുകളുടെ എണ്ണം കൂടി വരുന്നുണ്ട്. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കാതെ വേഗത്തില്‍ തീര്‍പ്പാക്കണം. ഇതിന് അഭിഭാഷകരടക്കം എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് അധ്യക്ഷത വഹിച്ചു. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, ഹൈക്കോടതി രജിസ്ട്രാര്‍ (ജില്ലാ ജുഡീഷ്യറി) പി.ജെ വിന്‍സെന്റ്, മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എം സുരേഷ്‍, മഞ്ചേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.സി മുഹമ്മദ് അഷ്റഫ്, സംസ്ഥാന ബാര്‍ കൗണ്‍സില്‍ അംഗം അ‍ഡ്വ. പി.സി മൊയ്തീന്‍, മഞ്ചേരി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് അക്‍ബര്‍ കോയ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജ് കെ. സനില്‍കുമാര്‍ സ്വാഗതവും ജില്ലാ അഡീഷണല്‍ ആന്റ് സെഷന്‍സ് ജഡ്ജ് എം. തുഷാര്‍ നന്ദിയും പറഞ്ഞു.
14 കോടി രൂപ ചെലവിലാണ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.  കൊല്ലം ഇ ജെ കണ്‍സ്ട്രക്ഷന്‍സാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.  2016 ഡിസംബര്‍ 22ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ചിദംബരേഷ് ശിലാസ്ഥാപനം നിര്‍വ്വഹിച്ച കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ചതാണ് കാലതാമസം നേരിടാനിടയാക്കിയത്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക ലിഫ്റ്റ് അടക്കം മൂന്ന് ലിഫ്റ്റുകളാണ് കെട്ടിടത്തിലുള്ളത്.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡൻറ് ക്ലൈം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍, ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.സി-എസ്.ടി സ്‌പെഷല്‍ കോടതി, അഡീഷനല്‍ ജില്ല സെഷന്‍സ് കോടതികള്‍ തുടങ്ങി ഒമ്പത് കോടതികള്‍ ഈ സമുച്ചയത്തിലായിരിക്കും ഇനി മുതല്‍ പ്രവര്‍ത്തിക്കുക. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസ്, നാജര്‍ ഓഫീസ്, റെക്കോര്‍ഡ് റൂമുകള്‍, ലൈബ്രറി, ബാര്‍ അസോസിയേഷന്‍ ഹാള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, വനിതാ അഭിഭാഷകര്‍ക്കുള്ള ഹാള്‍, വക്കീല്‍ ഗുമസ്തമന്‍മാരുടെ ഹാള്‍, മെഷ്യന്‍ റൂം എന്നിവയും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നതിനും  കാര്‍, സ്‌കൂട്ടര്‍ പാര്‍ക്കിങിനും ഗ്രൗണ്ട് ഫ്‌ളോറില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close