Kozhikode

തൊഴിൽ ഇടങ്ങളിൽ നിന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ പിരിച്ചു വിടുന്നത് ഗൗരവതരം: വനിതാ കമ്മിഷൻ

തൊഴിൽ ഇടങ്ങളിൽ നിന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അതീവ ഗൗരവതരമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ ജില്ലാതല അദാലത്തിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. ജില്ലാതല അദാലത്തിൽ പരിഗണനയ്ക്കു വന്ന പരാതികളിൽ കൂടുതലും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. അൺ എയ്ഡഡ് മേഖലയിലെ സ്‌കൂളിൽ 25 ഉം 30 വർഷങ്ങൾ വരെ ജോലി ചെയ്ത അധ്യാപികമാരെയും ഓഫീസ് സ്റ്റാഫിനെയും പെർഫോമൻസ് മോശമാണെന്ന കാരണം പറഞ്ഞ് ഒരു ആനുകൂല്യവും നൽകാതെ മെമ്മോ പോലും നൽകാതെ പിരിച്ചുവിട്ടെന്ന പരാതി പരിഗണനയ്ക്ക് എത്തി. ഈ പ്രവണത കൂടി വരുന്നതായി കമ്മിഷന് ബോധ്യപ്പെട്ടു. അൺ എയ്ഡഡ് മേഖലയിലെ വനിതാ അധ്യാപികമാർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് നടത്തി സംസ്ഥാന സർക്കാറിന് പരിഹാര നിർദേശങ്ങൾ അടങ്ങിയ ശുപാർശ വനിതാ കമ്മിഷൻ സമർപ്പിച്ചിട്ടുണ്ട്.

മദ്യപിച്ച് വീടുകളിൽ ചെന്ന് സ്ത്രീകളുടെ സ്വൈര ജീവിതം തകർക്കുന്ന പുരുഷൻമാരെ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉപദേശിച്ച് വിടുന്ന ശീലം ഒഴിവാക്കണം. മദ്യപിച്ച് ശല്യം ചെയ്യുന്നവരെ ഡീ അഡിക്ഷൻ സെന്ററുകളിലേക്ക് അയയ്ക്കണം. ഗാർഹിക പീഡന പരാതികളിൽ കൗൺസിലിംഗിന് നിർദേശിച്ചാൽ പുരുഷൻമാർ സഹകരിക്കാത്ത മനോഭാവം കൂടിവരുന്നതായും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. ജില്ലാതല അദാലത്തിൽ ഒൻപതു പരാതികൾ തീർപ്പാക്കി. രണ്ട് പരാതികൾ പോലീസിനും ഒരു പരാതി ലീഗൽ സെല്ലിനും കൈമാറി. 39 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റിവച്ചു. ആകെ 51 പരാതികൾ പരിഗണിച്ചു. അഭിഭാഷകരായ ഹബീജ, ശരൺ പ്രേം, സി.കെ. സീനത്ത്, നടക്കാവ് എഎസ്ഐ രജിത, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close