Kerala

ആദ്യമായി സംസ്ഥാനത്തെ ആശുപത്രിക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ

*മാതൃകയായി കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്     

     മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. ആണ് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സർക്കാർ പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മികച്ച സൗകര്യങ്ങളൊരുക്കിയ 45 സർക്കാർ, സ്വകാര്യ ആശുപത്രികൾക്കാണ് ഇതുവരെ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമായത്. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം വർധിപ്പിച്ചതിനാൽ 10 സർക്കാർ ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കി. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും ജില്ലാ, താലൂക്കുതല ആശുപത്രികളിലും ശിശു സൗഹൃദ നയം നടപ്പിലാക്കി ഗുണനിലവാരമുള്ള ചികിത്സ കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കും. കൂടുതൽ ആശുപത്രികൾക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

          നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉൾപ്പെടെ കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്.എൻ.സി.യു.കൾ, എൻ.ബി.എസ്.യു.കൾ, പ്രസവാനന്തര വാർഡുകൾ, പീഡിയാട്രിക് ഒപിഡികൾ, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

          മുസ്‌കാൻ സർട്ടിഫിക്കേഷന് പുറമേ എറണാകുളം തമ്മനം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 89.3 ശതമാനം സ്‌കോർ നേടി എൻ.ക്യു.എ.എസ്. പുന:അംഗീകാരവും വയനാട് മാനന്തവാടി ജില്ലാ ആശുപത്രി 92 ശതമാനം സ്‌കോറും നേടി ലക്ഷ്യ പുന:അംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 74 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close