THRISSUR

വർണ്ണപ്പകിട്ട്: സ്നേഹം, സാഹോദര്യം, സഹവർത്തിത്വത്തിന്റെ കലോത്സവം: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ് വർണ്ണപകിട്ട് സ്നേഹം, സാഹോദര്യം, സഹവർത്തിത്വം എന്നിവയുടെ കലോത്സവമാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ട് 2024 ഉദ്ഘാടനം ടൗൺഹാളിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ദീർഘകാലം അരിക്കുവത്കൃതരായി നിന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഏവരെയും ഉൾക്കൊള്ളുന്ന സമൂഹമായി കേരളം വളർന്നു കഴിഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ സമ്പൂർണ ശാക്തീകരണവും സാമൂഹിക പുനരധിവാസവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഈ വിഭാഗക്കാരുടെ സർഗാത്മകശേഷി വളർത്തുന്നതിനൊപ്പം സ്വന്തമായി ഭവനം, തൊഴിൽ, വരുമാനം എന്നിവ ഉറപ്പാക്കാനുള്ള പദ്ധതികളും വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. കോളജുകളിൽ സീറ്റ് സംവരണം, യജ്ഞം പദ്ധതിയിലൂടെ പരിശീലന പരിപാടികൾ, സമ്പൂർണ സാമൂഹിക പുനരധിവാസം സാധ്യമാകുന്ന മഴവില്ല്, സ്കിൽ ഗ്യാപ്പ് നികത്തുന്നതിന് കേരള നോളജ് മിഷന്റെ സഹകരണത്തോടെ പ്രൈഡ് തുടങ്ങിയ പദ്ധതികൾക്ക് തുടക്കമിട്ടു. പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുന്നതിലൂടെ ഇവർക്ക് വരുമാനം ലഭ്യമാക്കാനുള്ള പദ്ധതികളും ആലോചനയിലാണ്. എല്ലാത്തിനും ഉപരി സെക്സ് റീ അസൈൻമെന്റ് സർജറി നടത്താനുള്ള പ്രോട്ടോകോൾ തയ്യാറാക്കി കഴിഞ്ഞു. ഡോക്ടർമാർക്ക് കൂടുതൽ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കും. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കായി പ്രഖ്യാപിച്ച എല്ലാ പദ്ധതികളും കൂട്ടായ പ്രവർത്തനത്തിലൂടെ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പരിപാടിക്ക് മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര വിദ്യാര്‍ഥി കോര്‍ണറില്‍ നിന്നും ടൗൺ ഹാൾ വരെ സംഘടിപ്പിച്ചു. മന്ത്രി ഡോ. ആര്‍ ബിന്ദു ഫ്‌ളാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികള്‍, സ്റ്റേറ്റ്/ ജില്ലാതല ട്രാന്‍സ്ജന്‍ഡര്‍ പ്രതിനിധികള്‍, ജീവനക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍, കുടുംബശ്രീ – അങ്കണവാടി പ്രവര്‍ത്തകര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അണിനിരന്നു.

പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രാഹി, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ശ്യാമ എസ് പ്രഭ, അർജുൻ ഗീത, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം വിജയരാജ മല്ലിക തുടങ്ങിയവർ പങ്കെടുത്തു.

ഫെബ്രുവരി 19 വരെ തൃശൂര്‍ ടൗണ്‍ഹാള്‍, എഴുത്തച്ഛന്‍ സമാജം ഹാള്‍ എന്നിവിടങ്ങളിലായാണ് വിവിധ കലാപരിപാടികള്‍ അരങ്ങേറുക. 18ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട് അഞ്ചു മണിക്ക്‌ സമാപനസമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close