Kollam

കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിച്ചത് വിപ്ലവകരമായ മാറ്റം : മുകേഷ് എം എല്‍ എ

കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റം സംഭവിച്ചതായും സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാക്കിയതില്‍ വനിത കമ്മിഷനുള്ള പങ്ക് സുപ്രധാനമാണെന്നും എം മുകേഷ് എം എല്‍ എ പറഞ്ഞു. വനിത കമ്മിഷന്‍ കേരളീയ വനിതകളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയ വന്‍ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള വനിത കമ്മിഷന്‍ തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കൊല്ലം മൂതാക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ഏകോപന യോഗത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു എം എല്‍ എ.

ഒരു കാലഘട്ടം മുഴുവന്‍ കേരളത്തിലെ സ്ത്രീകളുടെ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. ഈ കാലഘട്ടത്തിനു മാറ്റമുണ്ടാക്കാന്‍ വനിത കമ്മിഷന്റെ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. പരാതികളും ആവശ്യങ്ങളും എവിടെയാണ് പറയേണ്ടതെന്ന് വനിതകള്‍ക്ക് ഇന്ന് ബോധ്യമുണ്ട്. വിധിക്ക് വിട്ടുകൊടുത്ത് ജീവിച്ചു പോന്നിരുന്ന രീതിക്കു മാറ്റമുണ്ടായി. എങ്ങനെയൊക്കെ സന്തോഷകരമായി ജീവിക്കാം എന്ന് നാം തന്നെ കണ്ടെത്തി മുന്നോട്ടു പോകണം. സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും തുല്യ നീതിയാണുള്ളത്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്ന ന•യുടെ പ്രവൃത്തിയാണ് വനിത കമ്മിഷന്‍ നടത്തുന്നത്. തീരദേശ മേഖലയിലെ വനിതകള്‍ ഉള്‍പ്പെടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ ഇടപെടലാണ് നടത്തുന്നത്. സ്ത്രീകള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കിയുള്ള ബ്രഹത് പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും എം എല്‍ എ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം തീരദേശമേഖലയിലെ ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുന്നതായി സന്ദര്‍ശനത്തിലൂടെ മനസിലാക്കിയെന്ന് ഏകോപന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. തീരദേശമേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍, വിധവകള്‍, അവിവാഹിതര്‍ തുടങ്ങിയ പ്രത്യേക പരിരക്ഷ ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നു നല്ല സാന്ത്വന ഇടപെടല്‍ ലഭിക്കുന്നുണ്ട്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന പ്രാകൃതമായ അവസ്ഥ മാറ്റിയെടുക്കുവാന്‍ കഴിഞ്ഞത് ജനകീയ കൂട്ടായ്മയിലൂടെയാണ്. ജനകീയമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജനകീയ കൂട്ടായ്മ വേണം എന്നതാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരള മാതൃകയെ വ്യത്യസ്തമാക്കുന്നത്. സാക്ഷരത, കുറഞ്ഞ മാതൃമരണനിരക്ക്, കുറഞ്ഞ ശിശുമരണ നിരക്ക്, നാനാജാതി മതസ്ഥര്‍ സാഹോദര്യത്തോടെ ഒന്നിച്ചു കഴിയുന്നത് തുടങ്ങിയവ കേരളത്തിന്റെ സവിശേഷതയും നേട്ടവുമാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടു പോകുന്നവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വനിത കമ്മിഷന്‍ മുന്‍ഗണന നല്‍കുന്നത്. പൊതുജനങ്ങളുടെ തെറ്റായ ചിന്താഗതിയില്‍ മാറ്റമുണ്ടാക്കുന്നതിനാണ് കാമ്പയിനിലൂടെ വനിത കമ്മിഷന്‍ ശ്രദ്ധിക്കുന്നത്. സ്ത്രീപക്ഷ കാഴ്ചപ്പാട് വളര്‍ത്തിയെടുത്ത് സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സമൂഹത്തിലെ വിവിധ മേഖലകളില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് 11 പബ്ലിക് ഹിയറിങുകളും തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നതെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

വനിത കമ്മിഷന്‍ അംഗം പി കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. വനിത കമ്മിഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പ്രിന്‍സ്, വനിത കമ്മിഷന്‍ ഫിനാന്‍സ് ഓഫീസര്‍ ലീജ ജോസഫ്, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ ടി കെ ആനന്ദി ചര്‍ച്ച നയിച്ചു. തീരദേശമേഖലയിലെ പ്രശ്‌നങ്ങള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close