Kannur

ഇത്  ചരിത്രം , ചിറക്കലിന്റെയും  ജനാധിപത്യത്തിന്റെയും

ചിറക്കലിന്റെ ചരിത്രം പറയുന്ന ഇന്‍സ്റ്റാലേഷന്‍ ഒരുങ്ങി. ജനാധിപത്യ പ്രക്രിയയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന ആദ്യ പഞ്ചായത്തെന്ന ചരിത്രമാണ് അഴീക്കോട് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി അടയാളപ്പെടുത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അനാച്ഛാദനം ചെയ്തു.
1926ലെ മദ്രാസ് തദ്ദേശസ്വയംഭരണ നിയമപ്രകാരം 1949 ജൂലൈയിലായിരുന്നു ചിറക്കല്‍ പഞ്ചായത്ത് രൂപീകരണം. എന്നാല്‍ 1949 ആഗസ്ത് 16ന് നടന്ന ആദ്യ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം നേടി. ഭൂനികുതി അടക്കുന്നവര്‍ക്കു മാത്രം വോട്ടവകാശമുള്ള കാലത്ത് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ കൈപൊക്കി പ്രസിഡണ്ടിനെ തെരഞ്ഞെടുത്തതാണ് ചരിത്രമായത്. ഭൂരിപക്ഷം അംഗങ്ങളും വോട്ട് ചെയ്തതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി കെ പി നാരായണന്‍ പ്രസിഡണ്ടായി. ഇതാണ് ശില്‍പ്പികളായ സുരേന്ദ്രന്‍ കൂക്കാനം, രവീന്ദ്രന്‍ പുറക്കുന്ന്, അശോകന്‍ പുറക്കുന്ന്, സുരേഷ് കൂക്കാനം, രാഹുല്‍ കുഞ്ഞിമംഗലം, സജിത്ത് പിലാത്തറ തുങ്ങിയവര്‍ ഇന്‍സ്റ്റാലേഷനാക്കിയത്. കൂടുതലും പാഴ് വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.
ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close