Kannur

നടപ്പാക്കുന്നത് എംസിസിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനം: മുഖ്യമന്ത്രി

രാജ്യാന്തര തലത്തില്‍ തന്നെ മികച്ച കേന്ദ്രമാക്കി മലബാർ കാൻസർ സെന്ററിനെ  (എംസിസി) മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി രണ്ടാംഘട്ട പദ്ധതിയിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൂര്‍ത്തീകരിച്ച മറ്റു പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാന്‍സര്‍ ചികിത്സാ രംഗത്ത് യശസ്സ് നേടിയെടുക്കാന്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് കഴിഞ്ഞു. ചികിത്സയിലും ഗവേഷണത്തിലും കേരളത്തില്‍ നേതൃപരമായ മികച്ച പങ്ക് വഹിക്കുന്ന സ്ഥാപനമായി എംസിസി വളര്‍ന്നു.
ഡയറക്ടറുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അര്‍പ്പണ ബോധത്തിലൂടെയുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടത്തിനു പിന്നില്‍. വിവാദങ്ങളല്ല, അനേകായിരം ആളുകള്‍ക്ക് സ്ഥാപനത്തിന്റെ വളര്‍ച്ച വഴി എങ്ങനെ പ്രയോജനം ലഭിക്കുന്നുവെന്നാണ് ജനം ആലോചിക്കുന്നത്.
പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ചായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ എല്ലാ ആധുനിക സജീകരണങ്ങളും ഉള്‍പ്പെടുത്തും. 150 വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താനും അവസരങ്ങള്‍ ഒരുക്കും.
കാന്‍സര്‍ ചികിത്സക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കാന്‍സര്‍ രോഗികളുടെ വര്‍ധനവ് മുന്നില്‍ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാന്‍സര്‍ നിയന്ത്രണ നയം നടപ്പാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാന്‍സര്‍ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് മൂന്ന് അപ്പെക്‌സ് കാന്‍സര്‍ സെന്ററുകള്‍ക്ക് പുറമേ അഞ്ച് മെഡിക്കല്‍ കോളേജിലും സമഗ്ര കാന്‍സര്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യരംഗം വര്‍ത്തമാന കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുന്ന പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. എംസിസിയില്‍ ആധുനിക ചികിത്സാ രീതികള്‍ സാധ്യമാക്കുന്നതോടൊപ്പം ഗവേഷണ രംഗത്ത് പുതിയ മാറ്റങ്ങള്‍ നടത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ 406 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 14 നിലകളിലായുള്ള കെട്ടിടത്തില്‍ 450 ബെഡുകളും 14 ഓപ്പറേഷന്‍ തീയറ്ററുകളും ഒരുക്കും. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ ജലശുദ്ധീകരണ പ്ലാന്റ്, ത്രീ ടെസ്ല എംആര്‍ഐ, ഡെക്സാ സ്‌കാന്‍, ഗാലിയന്‍ ജനറേറ്റര്‍ എന്നീ ഉപകരണങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ മുഖ്യാതിഥിയായി. എം പിമാരായ കെ മുരളീധരന്‍, ഡോ. വി ശിവദാസന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എംസിസി ഡയറക്ടര്‍ ഡോ. ബി സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റേഡിയോളജിസ്റ്റ് ഡോ. രതിക ശ്രീകുമാര്‍, അനസ്തേഷ്യോളജിസ്റ്റ് ഡോ. കൃഷ്ണവാരിയര്‍, കാര്‍ഡിയോ തെറാസിക് സര്‍ജന്‍ ഡോ. പ്രസാദ്, കേണല്‍ ഡോ. എന്‍ സി കൃഷ്ണന്‍ എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, നഗരസഭ അധ്യക്ഷ കെ എം ജമുനാറാണി, കൗണ്‍സിലര്‍മാരായ പി വസന്ത, കെ എന്‍ ശ്രീശന്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് നമ്പൂതിരിപ്പാട്, ഡോ. സംഗീത കെ നായനാര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close