Kollam

ദേശീയപാത വികസനം പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ക്വയിലോണ്‍ സഹകരണ സ്പിന്നിങ്ങില്‍ മൈതാനിയില്‍ സംഘടിപ്പിച്ച ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അസാധ്യമെന്ന്കരുതി മാറ്റിവെച്ച ദേശീയപാതവികസന പ്രവര്‍ത്തനങ്ങള്‍ സധൈര്യം ഏറ്റെടുത്ത സര്‍ക്കാരാണിത്. ഭൂമിഏറ്റെടുക്കലിന് മതിയായ തുകനല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോയും ദൃഢനിശ്ചയത്തോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുകയും സ്വയം സ്വരൂപിച്ച ഏക സംസ്ഥാനമാണ് കേരളം. മലയോര, തീരദേശ ഹൈവേയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തീരദേശ ഹൈവേയ്ക്ക് ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് ആണ് സര്‍ക്കാര്‍ നല്‍കുക. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ക്ക് നഷ്ടപരിഹാരവും നല്‍കും.

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലും സമാനതകള്‍ ഇല്ലാത്ത വികസനം ഒരുക്കി. പൊഴിക്കര ബീച്ച് ടൂറിസം പ്രവര്‍ത്തി പുരോഗമിക്കുന്നു. നിയോജകമണ്ഡലത്തില്‍ 149 കിലോമീറ്റര്‍ വരുന്ന റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. കൂടാതെ പാരിപ്പള്ളി-ബ്ലോക്ക്മരം- ഊന്നിന്‍മൂട് പൂതക്കുളം- ഇടയാടി റോഡുകളുടെ വികസനത്തിന് 10 കോടി രൂപ അനുവദിച്ചു. കുളമട- പള്ളിക്കല്‍, പുലിക്കുഴിതടം, പാരിപ്പള്ളി- പരവൂര്‍- ചാത്തന്നൂര്‍, മനയത്ത് പാലം , ചാത്തന്നൂര്‍ – വെളിനല്ലൂര്‍, കല്ലുവാതുക്കല്‍- ചെങ്കുളം- വേളമാനൂര്‍, ചെന്തിപ്പില്‍-ആറയില്‍, ഞവരൂര്‍ കടവ്, പരവൂര്‍ -നെല്ലേറ്റില്‍ തുടങ്ങി പ്രധാനപ്പെട്ട റോഡുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പൊതുമരാമത്ത് ടൂറിസം മേഖല ഉള്‍പ്പെടെ വികസനത്തിന്റെ സമഗ്ര മേഖലകളിലും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഓരോ പദ്ധതികള്‍ക്കും ഊര്‍ജ്ജം ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close