Malappuram

നിലമ്പൂരില്‍ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്ക് സബ് സെന്റര്‍ സേവനത്തിന് ശിപാര്‍ശ ചെയ്യും: വനിതാ കമ്മിഷൻ * ആദിവാസി മേഖലയിലെ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി

നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഗാര്‍ഹിക പീഡനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വനിതകള്‍ക്ക് പുനരധിവാസം സാധ്യമാകുന്ന തരത്തിലുള്ള കുടുംബശ്രീ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മിനി സബ് സെന്റര്‍ സേവനം ലഭ്യമാക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിനു നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ സങ്കേതം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവര്‍ക്ക് നിലവില്‍ കുടുംബശ്രീ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം മലപ്പുറം ജില്ലാ ആസ്ഥാനത്തു മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ആദിവാസി മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്  സമര്‍പ്പിക്കും. പട്ടികവര്‍ഗ മേഖലയിലെ വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.
അപ്പന്‍കാപ്പ് ഊരില്‍ 127 കുടുംബങ്ങളാണ് താമസിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വനിതകളെയും കുട്ടികളെയും വനിതാ കമ്മിഷന്‍ നേരിട്ടു സന്ദര്‍ശിച്ചു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാ വീടുകളിലും ഡോക്ടര്‍മാരുടെയും പട്ടികവര്‍ഗ വികസന വകുപ്പിലെ പ്രമോട്ടര്‍മാരുടെയും സേവനം ലഭ്യമാകുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞു. ഊരിലെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ ഇവര്‍ കൊണ്ടുവരുന്നുണ്ട്.
സിക്കിള്‍സെല്‍ അനീമിയ ഉള്‍പ്പെടെ രോഗങ്ങള്‍ ബാധിച്ചവര്‍ ഊരിലുണ്ട്. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അസുഖബാധിതനായ കുട്ടിയെയും സന്ദര്‍ശിച്ചു. സിക്കിള്‍സെല്‍ അനീമിയ ഉള്‍പ്പെടെ രോഗം ബാധിച്ചവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തോടൊപ്പം അവരെ പരിചരിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശനം നടത്തിയ വീടുകളില്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിട്ടില്ലെന്നു മനസിലായി. ഈ വിവരം പട്ടികവര്‍ഗ വികസന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കമ്മിഷന്റെ ഇടപെടലുണ്ടാകും.
മദ്യപാനം മൂലമുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ നിന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള നല്ല ഇടപെടല്‍ എക്‌സൈസ് വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. വിദ്യാഭ്യാസ മേഖലയില്‍ വലിയ ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അപ്പന്‍കാപ്പ് ആദിവാസി ഊരില്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശനം നടത്തിയ അംഗന്‍വാടി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അംഗന്‍വാടി അധ്യാപിക തന്നെ ഊരുകളില്‍ ചെന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു വന്ന് പഠിപ്പിക്കുന്നത് കണ്ടു. എല്‍പി വിദ്യാഭ്യാസം കഴിഞ്ഞാല്‍ പഠനം നിര്‍ത്തി പോകുന്നത് കൂടുന്നതായി വിവരമുണ്ട്. ഇവിടെ പ്രീമെട്രിക് ഹോസ്റ്റല്‍ സംവിധാനമുണ്ട്. പക്ഷേ, പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ സംവിധാനം ഇല്ല എന്നത് ഒരു പ്രശ്‌നമായി മനസിലാക്കുന്നു. പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ സംവിധാനം സജ്ജമാക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. പോസ്റ്റ്‌മെട്രിക് സംവിധാനത്തിന്റെ ഭാഗമായി ഹ്യുമാനിറ്റീസ് കോഴ്‌സുകള്‍ കൂടി തുടങ്ങിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാകുമെന്നു കരുതുന്നു.
ബയോമെട്രിക് സംവിധാനത്തിലൂടെ വിരല്‍ പതിപ്പിച്ച് ആധാര്‍ എടുക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സാധിക്കുന്നില്ലെന്ന പ്രശ്‌നമുണ്ട്. അറുപത്തിയഞ്ച് വയസുള്ള വനിതയ്ക്ക് റേഷന്‍കാര്‍ഡില്‍ ഈ പ്രായം കാണിച്ചിട്ടുണ്ടെങ്കിലും ആധാര്‍ കാര്‍ഡില്‍ 40 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് 40 വയസുള്ള മകനുണ്ട്. ഈ വനിതയ്ക്ക് കൃത്യമായ പ്രായം രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഇടപെടണമെന്ന് നിര്‍ദേശം നല്‍കും. ആധാര്‍ കാര്‍ഡില്‍ 40 വയസേ ഉള്ളു എന്നുള്ളതു കൊണ്ട് ഇവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ല.
ആദിവാസി ഊരില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിരന്തര ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നാണ് ഓരോ വീടുകള്‍ സന്ദര്‍ശിച്ചപ്പോഴും മനസിലായത്.
പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരെയെല്ലാം ഊരിലുള്ളവര്‍ക്ക് നേരിട്ടു പരിചയമുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രമോട്ടര്‍മാരുടെ സേവനവും നല്ല നിലയില്‍ ഊരില്‍ ലഭ്യമാകുന്നുണ്ട്.
വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ പട്ടികവര്‍ഗ മേഖലാ ക്യാമ്പ് സംഘടിപ്പിക്കും.  വിവിധ തൊഴില്‍ മേഖലകളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള 11 പബ്ലിക് ഹിയറിംഗുകളില്‍ ഏഴ് എണ്ണം വനിതാ കമ്മിഷന്‍ നടത്തി കഴിഞ്ഞു. തീരദേശമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ഒന്‍പതു തീരദേശ ക്യാമ്പുകളില്‍ മൂന്ന് എണ്ണം പൂര്‍ത്തിയാക്കി കഴിഞ്ഞു. വിവിധ തൊഴില്‍  മേഖലകളിലെ സ്ത്രീകളുടെ  പ്രശ്‌നങ്ങള്‍  മനസിലാക്കുകയാണ്് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യം. ക്യാമ്പുകളില്‍നിന്നും പബ്ലിക് ഹിയറിംഗുകളില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിന്
റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
കോളനിയിലെത്തിയ വനിതാ കമ്മിഷന്‍ സംഘം ആദിവാസികളോട് സംസാരിച്ചും കോളനിയിലെ സൗകര്യങ്ങള്‍ നേരിട്ട് പരിശോധിച്ചും  വിലയിരുത്തല്‍ നടത്തി. ഊരിലെ 72 വയസുള്ള മാധിയുടെ വീട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. കത്തന്‍, സുനിത, രാഹുല്‍, ബിജു, ബിന്ദു, ചക്കി, കാളി, ബാലചന്ദ്രന്‍, മാതി, സരോജിനി, കരിക്കി തുടങ്ങിയവരുടെ വീടുകളും സന്ദര്‍ശിച്ചു. പുതപ്പ്, ടോര്‍ച്ച്, ഫ്‌ളാസ്‌ക് എന്നിവ അടങ്ങിയ കിറ്റ്  കോളനിവാസികള്‍ക്ക് നല്‍കി. ഊരിലെ ഏക അംഗനവാടിയിലെ കുട്ടികളുമായി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും വനിതാ കമ്മിഷന്‍ അംഗങ്ങളും സംവദിച്ചു. കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് കമ്മിഷന്‍ വിലയിരുത്തി.
വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, നിലമ്പൂര്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ടി. ഉസ്മാന്‍, ട്രൈബല്‍ സ്‌പെഷല്‍പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാനു,
അസിസ്റ്റന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കല്‍പന, സിഐ വി.എം. ശ്രീകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ലിജോ ജോണ്‍, കൃഷ്ണദാസ്, എസ്ടി പ്രൊമോട്ടര്‍മാരായ വി. ബിജിത, ആനിമേറ്റര്‍മാരായ കെ. ദിവ്യ, ശ്രുതി, വി.കെ. സുകന്യ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close