Kannur

മാലിന്യ മുക്ത നവകരളം ക്യാമ്പയിന്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 31നകം പരിശോധന

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഗ്രേഡിംഗ്  നല്‍കുന്നത് ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും.   തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനതല ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പരിശോധനയില്‍ 50 ശതമാനത്തില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപാകതകള്‍ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് നോട്ടീസ് അയക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കോര്‍പ്പറേഷനുകള്‍, മിഷനുകള്‍, അതോറിറ്റികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവയിലാണ് പരിശോധന നടത്തുക.
പരിശോധനയിലൂടെ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് നല്‍കുന്നതിന് യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലയിലെ 26 വളണ്ടിയര്‍മാര്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണല്‍മാര്‍, കിലയുടെ തീമാറ്റിക് എക്‌സ്‌പേര്‍ട്ടുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ടീമുകള്‍ രൂപീകരിക്കും.

ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനങ്ങള്‍ ഓറഞ്ച് ക്യാറ്റഗറിയില്‍ വരുന്നതായതിനാല്‍ നിര്‍ബന്ധമായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി പത്രം വാങ്ങണമെന്നും ഇതിനുള്ള കൃത്യമായ നിര്‍ദേശം ബോര്‍ഡ് എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. മിക്ക സ്ഥാപനങ്ങള്‍ക്കും ഇതിനെ പറ്റി ധാരണയില്ലാത്തതിനാല്‍ വലിയ തോതില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകാൻ  മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
ജില്ലയിലെ ഹരിത കര്‍മ്മ സേനകളുടെ കണ്‍സോര്‍ഷ്യം അക്കൗണ്ടുകളില്‍ 50,000 രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ വലിയ തുക നഷ്ടമാകുന്നത് പരിഗണിച്ച് കണ്‍സോര്‍ഷ്യങ്ങളെ ക്ലസ്റ്ററുകള്‍ ആക്കി മാറ്റി അക്കൗണ്ടുകള്‍ ക്ലസ്റ്ററുകളുടെ പേരില്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം നല്‍കി.

ജില്ലയിലെ അജൈവമാലിന്യം നീക്കം നടത്തുന്ന പ്രൈവറ്റ് ഏജന്‍സികളുടെ യോഗം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 19 ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും. ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട്  ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, കിലാ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി വി രത്‌നാകരന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close