Idukki

ജില്ലയിലെ കായിക വികസനം എകോപിപ്പിക്കാന്‍ ഇനി 30 അംഗ സ്പോര്‍ട്‌സ് സെല്‍

*ജില്ലാ കായിക ഉച്ചകോടി സംഘടിപ്പിച്ചു

ജില്ലയിലെ കായിക വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 30 അംഗ സ്പോര്‍ട്സ് സെല്‍ രൂപീകരിച്ചു. അന്താരാഷ്ട്രകായിക ഉച്ചകോടിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ജില്ലാ കായിക ഉച്ചകോടിയിലാണ് സെല്‍ രൂപീകരിച്ചത്. ജില്ലാപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച കായിക ഉച്ചകോടി എം.എം.മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കായികരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. കായികക്ഷമത മെച്ചപ്പെടുത്തുന്നതിന് ഇന്ന് പ്രായഭേദമന്യേ എല്ലാവരും പ്രാധാന്യം നല്‍കുന്നുണ്ട്. കായികരംഗത്ത് ഇടുക്കി ജില്ലയുടെ പങ്കു മികച്ചതാണെന്നും ഇനിയും കേരളത്തില്‍ നിന്ന് രാജ്യത്തിന് കായികതാരങ്ങളെ സംഭാവന നല്‍കാന്‍ കഴിയണമെന്നും എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് സ്‌പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജെ.എസ് ഗോപന്‍ വിഷയാവതരണം നടത്തി. ചടങ്ങില്‍ കായികതാരങ്ങളായ ബേബി വര്‍ഗ്ഗീസ്, പി.ഡി പ്രമോദ്, സണ്ണി സെബാസ്റ്റ്യന്‍, ജെസ്റ്റിന്‍ ജോസ്, എഞ്ചല്‍.പി ദേവസ്യ തുടങ്ങി നൂറിലധികം കായികതാരങ്ങളെ ചടങ്ങില്‍ ആദരിച്ചു.
നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയം, പച്ചടി ഇഡോര്‍ സ്റ്റേഡിയം, എന്നിവ യാഥാര്‍ഥ്യമാക്കുന്നതിന് പരിശ്രമിച്ച എം.എം.മണി എം.എല്‍.എയെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ പെന്നാട അണിയിച്ചു ആദരിച്ചു. ജില്ലയിലെ കായിക വികസന പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ രക്ഷാധികാരിയായും എം.പി, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, സ്‌പോര്‍ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ കായിക അധ്യാപകര്‍, കായികതാരങ്ങള്‍, കായികരംഗത്തെ മറ്റ് പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട 30 അംഗ ജില്ലാ സ്‌പോര്‍ട്സ് സെല്ലാണ് രൂപീകരിച്ചത്. ജില്ലയിലെ 52 പഞ്ചായത്തുകളിലും ഡിസംബര്‍ 31 ന് മുമ്പായി ഗ്രാമപഞ്ചായത്ത് തല സ്‌പോര്‍ട്സ് സമ്മിറ്റുകള്‍ പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.
കായികനയം- കായികസമ്പദ് വ്യവസ്ഥ എന്നിവയുടെ അവതരണം, ജില്ലാതല സ്‌പോര്‍ട്‌സ് സെല്‍ രൂപീകരണം, ജില്ലാതലത്തില്‍ നടപ്പിലാക്കേണ്ട കായിക പദ്ധതികള്‍ സംബന്ധിച്ച പ്രാഥമിക രൂപരേഖ തയ്യാറാക്കല്‍, അവയുടെ ആസൂത്രണം, നിര്‍വ്വഹണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
സംസ്ഥാനസര്‍ക്കാരിന്റെ പുതിയ കായികനയം, കേരളം മുന്നോട്ട് വെയ്ക്കുന്ന കായികസമ്പദ്ഘടന, വികസനപ്രക്രിയ എന്നിവ അവതരിപ്പിക്കുന്നതിനുളള വേദിയാണു ജനുവരി 11,12,13,14 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാനസ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള 2024’.  
പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രസിഡന്റ് എം ലതീഷ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഡിവൈ. എസ്.പി. കെ ആര്‍ ബിജു, സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ജോസഫ് മാത്യു,  ഇടുക്കി സ്‌പോര്‍ട്സ് കൗണ്‍സില്‍ എക്‌സി. അംഗം അനസ് ഇബ്രാഹിം, മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാപ്രതിനിധി ജോസ് കുഴികണ്ടം, തദ്ദേശ സ്വയംഭരണസ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രദേശിക സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍, കായിക അധ്യാപകര്‍, വിവിധ ക്ലബ്ബ് ഭാരവാഹികള്‍, വ്യവസായ സംരംഭകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close