Idukki

‘നമത്ത് തീവനഗ’ ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ‘നമത്ത് തീവനഗ’ ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്രയ്ക്ക് ഇടുക്കി ജില്ലയില്‍ സ്വീകരണം നല്‍കി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചെറുധാന്യ ഉല്‍പന്ന പ്രദര്‍ശന വിപണന മേള ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന സന്ദേശയാത്രയിലൂടെ ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെക്കുറിച്ചും അവ ജീവിതശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കുന്നുവെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുവാനും യാത്രയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ചെറുധാന്യങ്ങളുടെ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കി വരുന്ന അട്ടപ്പാടി ആദിവാസ സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് യാത്ര. യാത്രയുടെ ഭാഗമായി അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെയും വിത്തുകളുടെയും പ്രദര്‍ശനവും വിപണനവും കളക്ടറേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ചു. അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളില്‍ കൃഷി ചെയ്യുന്ന റാഗി, കടുക്, വരഗ്, അമര, തുവര, ചാമ, മക്കാചോളം, ചെറുപയര്‍, മുളനെല്ല് തുടങ്ങി നിരവധയിനം ധാന്യങ്ങളാണ് പ്രദര്‍ശനത്തിനും വിപണനത്തിനും എത്തിച്ചത്.
ചെറുധാന്യങ്ങളുടെ പോഷകാഹാരത്തെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ് ഡയറ്റീഷ്യന്‍ സിജു, കുടുംബശ്രീ അട്ടപ്പാടി സമഗ്ര വികസന പദ്ധതി കോര്‍ഡിനേറ്റര്‍ പി.കെ കരുണാകരന്‍, അട്ടപ്പാടി സമഗ്ര വികസന പദ്ധതിയിലെ കര്‍ഷക ഉഷാ മുരുകന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
കളക്ടറേറ്റ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആശ മാത്യു, ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജു ജോസഫ്, കുടുംബശ്രീ ജീവനക്കാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close