Malappuram

കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണം; സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഒഴിവാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർക്ക് കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർദ്ദേശം നൽകി. മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രസരണ-വിതരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ജില്ലയിലെ എം.എൽ.എമാർ, വൈദ്യുതി ബോർഡ് ഡയറക്ടർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ നിർദ്ദേശപ്രകാരം 15 ദിവസത്തിനകം നിർദ്ദിഷ്ട തിരുവാലി, കാടാമ്പുഴ, വേങ്ങര സബ് സ്റ്റേഷനുകളുടെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി കെ.എസ്.ഇ.ബിക്ക് കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തുടർന്ന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആറ് മാസത്തിനകം പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമായി മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതൽ ഫണ്ട് ജില്ലയിൽ അനുവദിക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. ഇതുൾപ്പടെ എം.എൽ.എമാർ ഉന്നയിച്ച മേഖലയിലെ വിവിധ പ്രശ്നങ്ങളിലും തുടർനടപടികളുണ്ടാകുമെന്ന് വിതരണ വിഭാഗം ഡയറക്ടർ പി. സുരേന്ദ്ര അറിയിച്ചു.

എം.എൽ.എമാരായ പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, പി. അബ്ദുൽ ഹമീദ്, കെ.പി.എ മജീദ്, എ.പി അനിൽകുമാർ, വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയർമാർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close