Idukki

ഗോള്‍ഡന്‍ കാന്തല്ലൂര്‍ കേരളത്തിന്റെ അഭിമാനം

വിനോദസഞ്ചാരികളുടെ മനം കവർന്ന കാന്തല്ലൂരിന് ഇനി ഗോള്‍ഡന്‍ കാലം. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ നേട്ടം കാന്തല്ലൂരിനെ തേടിയെത്തുമ്പോള്‍ ഈ മണ്ണിലുള്ളത് ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്.

തെക്കിന്റെ കാശ്മീരായ മൂന്നാറില്‍ നിന്ന് തേയിലക്കാടുകളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് കരിമ്പിന്റെയും ശര്‍ക്കരയുടെയും മുനിയറകളുടെയും നാടായ മറയൂരും താണ്ടി കാന്തല്ലൂരിലെത്താം. അവിടെ ശീതകാല പച്ചക്കറികൾക്കും പഴങ്ങൾക്കുമൊപ്പം സാംസ്‌കാരിക ചരിത്രത്തിന്റെ പ്രൗഢ കാഴ്ചകൾ നിങ്ങളെ വരവേൽക്കും . ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തെ മനസിലേറ്റിയ ഒരു നാടും അവിടുത്തെ കർഷകരുമാണ് കാന്തല്ലൂരിന്റെ ഈ അഭിമാനനേട്ടത്തിന് പിന്നിൽ. സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ആസൂത്രണം കേന്ദ്ര സര്‍ക്കാർ നടത്തിയ മത്സരത്തില്‍ കാന്തല്ലൂരിലെ മുൻപന്തിയിലെത്തിച്ചു .പഴങ്ങളുടെയും പച്ചക്കറികളുടെയും നാട്:കാന്തല്ലൂരിലെ അഞ്ച് തെരുവുകൾശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പും നിറഞ്ഞ കാന്തല്ലൂരിലെ അഞ്ച് സ്ഥലങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പെരുമല, പുത്തൂര്, ഗുഹനാഥപുരം, കീഴാന്തൂര്, കുളച്ചുവയല്‍ എന്നിവിടങ്ങളിലാണ് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നത്. ആപ്പിള്‍, ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോര്‍ട്ട, ഗ്രീന്‍ സപ്പോര്‍ട്ട, സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങി വൈവിധ്യമാര്‍ന്ന പഴങ്ങളും പച്ചക്കറികളും കാന്തല്ലൂരില്‍ കൃഷി ചെയ്യുന്നു. കാന്തല്ലൂരിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഈ പ്രദേശങ്ങള്‍ പൊതുവെ തണുപ്പ് കൂടിയ പ്രദേശങ്ങളാണ്. സ്‌ട്രോബറി കൃഷി കൂടുതലായി നടക്കുന്ന പെരുമല ഒരു സ്ട്രീറ്റും കീഴാന്തൂരും പുത്തൂരം പച്ചക്കറികളുടെ സ്ട്രീറ്റായും ഗുഹനാഥപുരം പൂക്കളുടെയും കുളച്ചുവയലിനെ പഴങ്ങളുടെ സ്ട്രീറ്റായിട്ടുമാണ് തിരിച്ചിരിക്കുന്നത്.

ചരിത്രവും കാഴ്ചകളുംകാന്തല്ലൂരിലെത്തുന്നവര്‍ക്ക് ചരിത്ര കാഴ്കൾ കാണാന്‍ ഏറെയുണ്ട്. നിത്യ ഹരിത വനങ്ങളും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിന്റെ തീരങ്ങളും പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ ആറായിരത്തോളം വര്‍ഷം പഴക്കമുള്ള മുനിയറകളും ഗുഹാക്ഷേത്രങ്ങളും ഉള്ള പ്രദേശമാണ് കാന്തല്ലൂര്‍. കൂടാതെ കച്ചാരം വെള്ളച്ചാട്ടം, എര്‍ച്ചിപ്പാറ വെള്ളച്ചാട്ടം, ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം, ചിന്നാര്‍, കൂട്ടാര്‍ നദികള്‍, ഒരുമല വ്യൂ പോയിന്റ് എന്നിയെല്ലാം സഞ്ചാരികളുടെ മനം കവരുന്ന ഇടങ്ങളാണ്.ഗ്രീന്‍ കാന്തല്ലൂര്‍, ക്ലീന്‍ കാന്തല്ലൂര്‍ജൈവവൈവിധ്യങ്ങളുടെ കലവറയൊരുക്കി കാന്തല്ലൂര്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഗ്രീന്‍ കാന്തല്ലൂര്‍ എന്ന പ്രവേശന കവാടത്തിലൂടെയാണ് . ഈ കവാടം പിന്നിട്ടാല്‍ വിനോദസഞ്ചാരികള്‍ കൃത്യമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടത്തുന്നതിനും ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ അനാവശ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാനുള്ള സംവിധാനങ്ങളും പഞ്ചായത്ത് ഭരണസമതി ഒരുക്കിയിട്ടുണ്ട്. ദിനംപ്രതി പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനവും പ്രത്യേക വാഹനത്തിന്റെ സൗകര്യത്തോടുകൂടി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും മുടങ്ങാതെ നടക്കുന്നതിനാല്‍ കാന്തല്ലൂരിന്റെ വിനോദസഞ്ചാരയിടങ്ങള്‍ സുന്ദരമായി തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു.

അവാര്‍ഡിന് വഴിയൊരുക്കി കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ്കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് മത്സരത്തില്‍ ഗോള്‍ഡ് അവാര്‍ഡിന്റെ നേട്ടത്തില്‍ കാന്തല്ലൂര്‍ എത്തുമ്പോള്‍ ഇതിന് ഏറെ സഹായകരമായതും വഴിത്തിരിവായതും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം നടത്തിയ കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റാണ്. ആദ്യമായി പഞ്ചായത്ത് സംഘടിപ്പിച്ച ഫെസ്റ്റിൽ കാന്തല്ലൂരിന്റെ സവിശേഷ കാഴ്ചകളും കലയും സംസ്‌കാരവും എല്ലാം കോര്‍ത്തിണക്കിയിരുന്നു. ഫെസ്റ്റിന് മാത്രം 15 മാര്‍ക്ക് ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.ടി മോഹന്‍ദാസ് പറഞ്ഞു. പത്ത് ദിവസങ്ങളിലായി നടത്തിയ പരിപാടിയില്‍ കാന്തല്ലൂരിലെ കൃഷിയുല്‍പന്നങ്ങളുടെ പ്രദര്‍ശനം, ആദിവാസി വിഭാഗങ്ങളുടെ നാടന്‍ കലാരൂപങ്ങളായ കൂത്ത്, കുളവിയാട്ടം,കുമ്മിയാട്ട് വാദ്യമേളങ്ങള്‍ തുടങ്ങി വിവധ കലാപരിപാടികളും സെമിനാറുകളും ഭക്ഷ്യ വസ്തുക്കളുടെയും പഴങ്ങളുടെയും പ്രദര്‍ശനങ്ങള്‍ എന്നിവ ശ്രദ്ധേയമായി . ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും നിരവധി ആളുകളാണ് ഈ ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്തിയത്.

പദ്ധതിയുടെ ഭാഗമായി പ്രത്യേക ടൂറിസം ഗ്രാമസഭകള്‍, ടൂറിസം റിസോഴ്സ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കല്‍, വിവിധ പരിശീലനങ്ങള്‍, ചെറുകിട ഇടത്തരം സംരഭങ്ങള്‍ രൂപീകരണം രജിസ്‌ട്രേഷന്‍ എന്നിവ വിജയകരമായി നടപ്പാക്കി. കൃത്യമായ ആസൂത്രണത്തോടെ ഗ്രാമപഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നടത്തിയിരുന്നു. രാജ്യത്ത് തന്നെ ആദ്യമായി പഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തിയ പഞ്ചായത്താണ് കാന്തല്ലൂര്‍. ഉത്തരവാദിത്ത ടൂറിസം പ്രോട്ടോക്കോള്‍ അനുസരിച്ച് ടൂറിസം സംരംഭങ്ങള്‍ക്കും ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് പഞ്ചായത്ത് തല രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുകയും ഗ്രാമീണ ടൂറിസം കാര്‍ഷിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കി പാക്കേജുകള്‍ നടപ്പാക്കി. ടൂര്‍ പാക്കേജുകള്‍ക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചും വിനോദസഞ്ചാര മേഖലക്ക് കരുത്തേകുന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി. കേരളടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍ ,കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ 8 മാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകള്‍ക്ക് ഒടുവിലാണ് പുരസ്‌കാരം ലഭിച്ചത്.

Story by Udayaravi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close