THRISSUR

കേളിത്തോട് പാലം നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ പാലം വികസനങ്ങളിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടത് മൂന്നു വർഷത്തിനുള്ളിൽ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതുക്കാട് നിയോജകമണ്ഡലത്തിലെ പുതുക്കാട് ചെറുവാൾ റോഡിലെ കേളിത്തോടിന് കുറുകെയുള്ള കേളിത്തോട് പാലത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തുടനീളമായി നൂറു പാലങ്ങളുടെ നിർമ്മാണമാണ് ലക്ഷ്യം വെച്ചത്. മൂന്നുവർഷം പൂർത്തീകരിക്കുമ്പോൾ തന്നെ ലക്ഷ്യപദത്തിലേയ്ക്ക് എത്തുകയാണ്. പശ്ചാത്തല വികസനത്തിൽ പാലം നിർമ്മാണത്തിനുള്ള പങ്ക് വളരെ വലുതാണ്. പാലം നിർമ്മാണത്തിൽ എല്ലാ മാസവും തുടർന്നുപോരുന്ന പരിശോധനകൾ, അവലോകനങ്ങൾ, പ്രശ്നപരിഹാരങ്ങൾ എന്നിവയാണ് സമയബന്ധിതമായി ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ സഹായകരമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്നു പുതുക്കാട് ചെറുവാൾ റോഡിൽ മുൻപ് ഉണ്ടായിരുന്ന കേളിത്തോട് പാലം. 11 മീറ്റർ വീതിയിൽ പുനർനിർമ്മാണം നടത്തിയ പാലത്തിനായി 2.5 കോടി രൂപയാണ് ചെലവിട്ടത്.പദ്ധതിയിൽ താത്കാലിക പാലവും അനുബന്ധ റോഡുനിർമ്മാണവും, പഴയ പാലം പൊളിച്ച് പുതിയ പാലം നിർമ്മാണം, ഇന്റർലോക്ക് ടൈൽ വിരിച്ച് അപ്രോച്ച് റോഡിന്റെ നിർമ്മാണം, തോട് സംരക്ഷണ ഭിത്തി നിർമ്മാണം, ആവശ്യമായ ഡ്രൈനേജ് സംവിധാനങ്ങൾ, എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് പുനർനിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുള്ളത്. പുതുക്കാട് നിയോജകമണ്ഡലത്തിലെ തുടർ പദ്ധതികൾക്കായുള്ള എല്ലാ ശ്രമങ്ങൾക്കും പിഡബ്ല്യുഡിയുടെയും ടൂറിസം വകുപ്പിന്റെയും പൂർണ്ണ പിന്തുണയും ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

കേളിത്തോട് പാലത്തിനു സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചുകൊണ്ട്
ശിലാഫലകം അനാച്ഛാദനം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ രഞ്ജിത്ത് മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ നെന്മണിക്കര – പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ടി.എസ് ബൈജു, കെ.എം ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, നെന്മണിക്കര  ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ ഭദ്ര മനു, ഗ്രാമപഞ്ചായത്ത് അംഗം കെ.എ അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് പാലം അസിസ്റ്റന്റ് എഞ്ചിനീയർ എ.എം ബിന്ദു, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close