Ernakulam

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം : മന്ത്രി പി രാജീവ്

 അവലോകന യോഗം ചേർന്നു 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും, കാൻസർ സെന്ററിന്റെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രിലിൽ നിർമ്മാണം പൂർത്തിയാക്കി മെയ്‌ ആദ്യം മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും, കാൻസർ സെന്ററിന്റെയും പ്രവർത്തനം ആരംഭിക്കാൻ കഴിയും വിധം  പ്രവർത്തനങ്ങളെ ഏകോപിപ്പിക്കണമെന്ന്  മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

നിലവിൽ  95 ശതമാനം സിവിൽ വർക്കുകളും 65 ശതമാനം മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലബിങ് വർക്കുകളുമാണ് പൂർത്തീകരിച്ചിട്ടുള്ളത് . സി ടി സ്കാൻർ, ഡിജിറ്റൽ എക്സ്-റേ , മോഡുലാർ തിയറ്റർ  ഉൾപ്പെടെ  45 കോടി 89 ലക്ഷം രൂപയുടെ 126  മെഡിക്കൽ ഉപകരണങ്ങളാണ് മെഡിക്കൽ കോളേജിൽ ലഭ്യമാക്കുക. മെഡിക്കൽ ഉപകരണങ്ങളും ഫർണീച്ചറുകളും ലഭ്യമാക്കാൻ ടെൻഡർ വിളിക്കുന്നതിന് ആവശ്യമായ നടപടികൾ  അടിയന്തരമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജിനും കൊച്ചിന്‍ കാന്‍സര്‍ സെന്ററിനും  110 കെ വി സബ് സ്റ്റേഷന്‍ സജ്ജമാക്കുന്നതിനുള്ള നടപടികൾ  വേഗത്തിൽ ആക്കാൻ കെഎസ്ഇബി  നിർദ്ദേശം നൽകി. 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ  കളക്ടർ എൻ എസ് കെ ഉമേഷ് ,മെഡിക്കൽ കോളേജ്  പ്രിൻസിപ്പൽ ഡോ. എസ് പ്രതാപ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ, ഇൻ കെൽ എം.ഡി ഡോ. കെ. ഇളങ്കോവൻ,  കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍  ഡയറക്ടര്‍ ഇൻ ചാർജ് ഡോ. പി.ജി ബാലഗോപാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close