Alappuzha

ജനകീയ മത്സ്യ കൃഷിക്ക് സർക്കാർ  മാറ്റിവെച്ചത് 80 കോടി രൂപ- മന്ത്രി സജി ചെറിയാൻ 

ആലപ്പുഴ: ജനകീയ മത്സ്യ കൃഷിക്കായി ഇത്തവണ സംസ്ഥാന സർക്കാർ 80 കോടി രൂപ മാറ്റിവെച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ശാസ്തംപുറം മാർക്കറ്റ് നവീകരിക്കുന്നതിൻ്റെ നിർമ്മാണം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി.
 
ജലാശയങ്ങളിലെല്ലാം മത്സ്യ കൃഷി ചെയ്യാൻ തയ്യാറാകണം. വലിയ രീതിയിലുള്ള മത്സ്യകൃഷി തൊഴിൽ നൽകും.  കർഷകരിൽ നിന്നും മത്സ്യം വാങ്ങി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി ലോക  മാർക്കറ്റിലേക്ക് എത്തിക്കാനും സാധിക്കും. സംസ്ഥാനത്ത് തീരദേശ കോർപ്പറേഷന്റെ നേതൃത്വത്തിൽ തൊഴിൽ നൽകാൻ കഴിയുന്ന നൂതന പദ്ധതികളുടെ ആലോചനയിലാണ് ഫിഷറീസ് വകുപ്പെന്നും മന്ത്രി പറഞ്ഞു. മത്സ്യവകുപ്പ് സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. കൊല്ലത്തും ചെങ്ങന്നൂരിലും അതുമായി ബന്ധപ്പെട്ട സംരംഭങ്ങൾ വരികയാണ്. താഴംഭാഗത്ത് അഞ്ചരക്കോടി രൂപയുടെ പ്രോസസ്സിംഗ് സെന്ററിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. മാർക്കറ്റ് വൃത്തിഹീനമായി  പ്രവർത്തിക്കാൻ പാടില്ല. ജനങ്ങൾക്ക് വൃത്തിയോടെ മീൻ വാങ്ങാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

2019- 20 സംസ്ഥാന ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയാണ് ശാസ്തംപുറം മാർക്കറ്റിന്റെ നവീകരണ പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ ചുമതലയിൽ 1910 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഇരുനില മാർക്കറ്റ് കെട്ടിടത്തിൽ 36 കടമുറികൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ കട മുറികൾ, ഹാൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഡ്രെയിനേജ് സംവിധാനം, മാൻ ഹോളുകൾ, പാർക്കിംഗ് ഏരിയ, മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയവ സജ്ജമാക്കും.

ശാസ്തംപുറം മാർക്കറ്റിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ് അധ്യക്ഷത വഹിച്ചു. കെ.എസ്.സി. എ. ഡി. സി മാനേജിംഗ് ഡയറക്ടർ പി.ഐ ഷെയ്ഖ് പരീത് റിപ്പോർട്ട്‌ അവതരിപ്പിച്ചു.  കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അശോക് പടിപുരക്കൽ, റിജോ ജോൺ ജോർജ്, , ശ്രീദേവി ബാലകൃഷ്ണൻ, നഗരസഭ കൗൺസിലർ രാജൻ കണ്ണാട്ട്, കെ.എസ്.സി. എ. ഡി. സി ബോർഡ്‌ അംഗം പി. ഐ ഹാരിസ്, എം.ശശികുമാർ, ആർ.സന്ദീപ്, എം.കെ മനോജ്  നഗരസഭാ സെക്രട്ടറി എം.എസ് ശ്രീരാഗ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close