National News

2024ലെ റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന

എന്റെ പ്രിയ സഹ പൗരന്മാരേ,നമസ്കാരം!75-ാം റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നാം എത്ര ദൂരം സഞ്ചരിച്ചുവെന്നു തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഹൃദയം അഭിമാനത്താൽ നിറയുകയാണ്. റിപ്പബ്ലിക്കിന്റെ 75-ാം വാർഷികം യഥാർഥത്തിൽ രാഷ്ട്രത്തിന്റെ പല വഴികളിലൂടെയുള്ള യാത്രയിലെ ചരിത്ര നാഴികക്കല്ലാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയ ‘ആസാദി കാ അമൃത് മഹോത്സവി’ൽ നമ്മുടെ രാജ്യത്തിന്റെ അതുല്യമായ മഹത്വവും വൈവിധ്യമാർന്ന സംസ്കാരവും നാം ആഘോഷിച്ചതുപോലെ, ഇതും സവിശേഷമായ ആഘോഷവേളയാണ്.നാളെ നാം ഭരണഘടനയുടെ തുടക്കം ആഘോഷിക്കുന്ന ദിവസമാണ്. അതിന്റെ ആമുഖം ആരംഭിക്കുന്നത്, ആ രേഖയുടെ ജനാധിപത്യം എന്ന പ്രമേയം ഉയർത്തിക്കാട്ടുന്ന, “നാം, ഇന്ത്യയിലെ ജനങ്ങൾ” എന്ന വാക്കുകളോടെയാണ്. പാശ്ചാത്യ ജനാധിപത്യം എന്ന സങ്കൽപ്പത്തേക്കാൾ വളരെ പഴക്കമുള്ളതാണ് ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ. അതുകൊണ്ടാണ് ഇന്ത്യയെ “ജനാധിപത്യത്തിന്റെ മാതാവ്” എന്നു വിളിക്കുന്നത്.ദീർഘവും കഠിനവുമായ പോരാട്ടത്തിനൊടുവിൽ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ വിദേശഭരണത്തിൽനിന്നു സ്വതന്ത്രമായി. എന്നിരുന്നാലും, രാജ്യത്തെ ഭരിക്കുന്നതിനും അതിന്റെ യഥാർഥ സാധ്യതകൾ തുറന്നുവിടുന്നതിനുമുള്ള തത്വങ്ങളും പ്രക്രിയകളും രൂപപ്പെടുത്തുക എന്ന ദൗത്യം അപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭരണഘടന അസംബ്ലി മൂന്നു വർഷത്തോളം ഭരണത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തുകയും നമ്മുടെ രാജ്യത്തിന്റെ മഹത്തായ സ്ഥാപകരേഖയായ ഇന്ത്യൻ ഭരണഘടന സൃഷ്ടിക്കുകയും ചെയ്തു. നമ്മുടെ മഹത്തായതും പ്രചോദനാത്മകവുമായ ഭരണഘടന രൂപവൽക്കരിക്കുന്നതിനു സംഭാവനയേകിയ നേതാക്കളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രം ഇന്നു നന്ദിയോടെ സ്മരിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്കു നയിക്കുന്ന കാലഘട്ടമായ അമൃതകാലത്തിന്റെ ആദ്യ വർഷങ്ങളിലാണു രാഷ്ട്രം. ഇതു യുഗപരിവർത്തനത്തിന്റെ സമയമാണ്. രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സുവർണാവസരമാണു നമുക്കു ലഭിച്ചിരിക്കുന്നത്. നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഓരോ പൗരന്റെയും സംഭാവന നിർണായകമാകും. ഇതിനായി, ഭരണഘടന അനുശാസിക്കുന്ന നമ്മുടെ മൗലികകർത്തവ്യങ്ങൾ പാലിക്കാൻ എന്റെ എല്ലാ സഹപൗരന്മാരോടും ഞാൻ അഭ്യർഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാകുമ്പോൾ ഭാരതത്തെ വികസിതരാഷ്ട്രമാക്കുന്നതിനുള്ള ഓരോ പൗരന്റെയും അനിവാര്യമായ ചുമതലകളാണ് ഈ കടമകൾ. മഹാത്മാഗാന്ധി കൃത്യമായി പറഞ്ഞതിനെക്കുറിച്ച് ഇവിടെ ഞാൻ ഓർക്കുകയാണ്, “അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ആരും ഉയർന്നുവന്നിട്ടില്ല. കടമകളെക്കുറിച്ചു ചിന്തിച്ചവർ മാത്രമാണ് അങ്ങനെ ചെയ്തത്”.എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,നമ്മുടെ അടിസ്ഥാനമൂല്യങ്ങളെയും തത്വങ്ങളെയും അ‌നുസ്മരിക്കാനുള്ള അവസരമാണു റിപ്പബ്ലിക് ദിനം. അവയിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ചു നാം ചിന്തിക്കുമ്പോൾ, സ്വാഭാവികമായും മറ്റുള്ളവയിലേക്കു നാം നയിക്കപ്പെടുന്നു. ജനാധിപത്യം എന്നതു സംസ്കാരത്തിന്റെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും വൈവിധ്യത്തെ സൂചിപ്പിക്കുന്നു. വൈവിധ്യത്തെ ആഘോഷിക്കുന്നത്, നീതിയാൽ ഉയർത്തിപ്പിടിക്കുന്ന സമത്വത്തെ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യമാണ് എല്ലാം സാധ്യമാക്കുന്നത്. ഈ മൂല്യങ്ങളുടെയും തത്വങ്ങളുടെയും സമ്പൂർണതയാണു നമ്മെ ഇന്ത്യക്കാരനാക്കുന്നത്. ഡോ. ബി ആർ അംബേദ്കറുടെ വിവേകത്താൽ നയിക്കപ്പെട്ട, ഈ അടിസ്ഥാനമൂല്യങ്ങളും തത്വങ്ങളും ഉൾക്കൊള്ളുന്ന, ഭരണഘടനയുടെ ചൈതന്യം എല്ലാത്തരം വിവേചനങ്ങൾക്കും അറുതിവരുത്തുന്നതിനായി സാമൂഹ്യനീതിയുടെ പാതയിൽ മാറ്റമേതുമില്ലാതെ നമ്മെ നയിച്ചു.സാമൂഹ്യനീതിക്കായി അക്ഷീണം പ്രയത്നിച്ചവരിൽ മുൻനിരയിലുണ്ടായിരുന്ന ശ്രീ കർപ്പൂരി ഠാക്കുർജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്നലെ സമാപിച്ച കാര്യം ഇവിടെ സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച, അവരുടെ ഏറ്റവും വലിയ വക്താക്കളിൽ ഒരാളായിരുന്നു കർപ്പൂരി ജി. അദ്ദേഹത്തിന്റെ ജീവിതം ഒരു സന്ദേശമായിരുന്നു. തന്റെ സംഭാവനകളിലൂടെ പൊതുജീവിതം സമ്പന്നമാക്കിയ കർപ്പൂരിജിക്കു ഞാൻ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.

നമ്മുടെ റിപ്പബ്ലിക്കിന്റെ ധർമചിന്ത നമ്മിലെ 140 കോടിയിലധികം പേരെ ഒരു കുടുംബമായി ജീവിക്കാൻ ഒരുമിച്ചു കൊണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം, സഹവർത്തിത്വം എന്നതു ഭൂപ്രകൃതിയുടെ അടിച്ചേൽപ്പിക്കലല്ല; മറിച്ച്, സന്തോഷത്തിന്റെ ഉറവിടമാണ്; അതു നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രകടമാകുന്നു.

ഈയാഴ്ചയാദ്യം, ശ്രീരാമപ്രഭുവിന്റെ ജന്മസ്ഥലമായ അയോധ്യയിൽ നിർമിച്ച മഹത്തായ പുതിയ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ വിഗ്രഹത്തിന്റെ ചരിത്രപരമായ പ്രതിഷ്ഠാചടങ്ങിനു നാം സാക്ഷ്യംവഹിച്ചു. ഈ സംഭവത്തെ വിശാലമായ വീക്ഷണകോണിൽ കാണുമ്പോൾ, ഭാവി ചരിത്രകാരന്മാർ ഇത് ഇന്ത്യയുടെ നാഗരികപൈതൃകത്തിന്റെ തുടർച്ചയായ പുനരാവിഷ്കരണത്തിലെ നാഴികക്കല്ലായി കണക്കാക്കും. ആ ഭൂമിയുടെ കാര്യത്തിൽ പരമോന്നത നീതിപീഠത്തിന്റെ വിധിക്കും നീതിന്യായ നടപടികൾക്കും ശേഷമാണു ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. ജനങ്ങളുടെ വിശ്വാസത്തിന്റെ ഉചിതമായ ആവിഷ്കാരമായി മാത്രമല്ല, നീതിന്യായ പ്രക്രിയയിലുള്ള ജനങ്ങളുടെ അപാരമായ വിശ്വാസത്തിന്റെ സാക്ഷ്യപത്രമായും അതിപ്പോൾ മഹത്തായ സൗധമായി നിലകൊള്ളുന്നു.

എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,

നാം ഒന്നിച്ചു തിരിഞ്ഞുനോക്കുകയും മുന്നോട്ടുനോക്കുകയും ചെയ്യുന്ന സുപ്രധാന സന്ദർഭങ്ങളാണു നമ്മുടെ ദേശീയ ഉത്സവങ്ങൾ. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിനു ശേഷമുള്ള വർഷം നോക്കുകയാണെങ്കിൽ സന്തോഷിക്കാൻ ഏറെയുണ്ട്. ഇന്ത്യയുടെ അധ്യക്ഷതയിൽ തലസ്ഥാനത്തു ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചത് അഭൂതപൂർവമായ നേട്ടമായിരുന്നു. ജി20 പരിപാടികളിൽ ജനങ്ങൾ പങ്കെടുത്ത രീതിയാണു കൂടുതൽ ശ്രദ്ധേയമായത്. ആശയങ്ങളും നിർദേശങ്ങളും മുകളിൽനിന്നു താഴേക്കല്ല; മറിച്ച്, താഴെനിന്നു മുകളിലേക്കാണു സഞ്ചരിച്ചത്. അന്തിമവിശകലനത്തിൽ, സ്വന്തം ഭാവി രൂപപ്പെടുത്താൻ പോകുന്ന തന്ത്രപ്രധാനവും നയതന്ത്രപരവുമായ കാര്യങ്ങളിൽ പൗരന്മാരെ പങ്കാളികളാക്കുന്നതിൽ ഈ മഹത്തായ പരിപാടി ഏവർക്കും പാഠങ്ങൾ നൽകി. ജി20 ഉച്ചകോടി ഗ്ലോബൽ സൗത്തിന്റെ ശബ്ദമായുള്ള ഇന്ത്യയുടെ ആവിർഭാവത്തിന് ഉത്തേജനമേകുകയും അന്താരാഷ്ട്ര വ്യവഹാരത്തിന് ആവശ്യമായ ഘടകം കൂട്ടിച്ചേർക്കുകയും ചെയ്തു.

ചരിത്രപരമായ വനിതാസംവരണബിൽ പാർലമെന്റ് പാസാക്കിയപ്പോൾ ലിംഗസമത്വം എന്ന ആദർശത്തിലേക്കും നാം കൂടുതൽ മുന്നേറി. നാരീശക്തി വന്ദൻ അധിനിയം സ്ത്രീശാക്തീകരണത്തിന്റെ വിപ്ലവകരമായ സങ്കേതമായി മാറുമെന്നു ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭരണനിർവഹണപ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിലും ഇതു വളരെയധികം സഹായിക്കും. കൂട്ടായ പ്രാധാന്യമുള്ള കാര്യങ്ങളിൽ കൂടുതൽ സ്ത്രീകൾ പങ്കാളികളാകുമ്പോൾ, നമ്മുടെ ഭരണപരമായ മുൻഗണനകൾ ബഹുജനങ്ങളുടെ ആവശ്യങ്ങളുമായി കൂടുതൽ പൊരുത്തപ്പെടുന്നതാകും.

ഇന്ത്യ ചന്ദ്രനിലേക്കു പോയ വർഷം കൂടിയായിരുന്നു അത്; ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ആദ്യമായി ഇറങ്ങിയ രാജ്യമായി ഇന്ത്യ. ചന്ദ്രയാൻ-3നു ശേഷം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സൗരദൗത്യത്തിനും തുടക്കംകുറിച്ചു. അടുത്തിടെ, ആദിത്യ എൽ1 വിജയകരമായി ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചു. തമോദ്വാരങ്ങൾ പോലുള്ള ബഹിരാകാശ രഹസ്യങ്ങൾ പഠിക്കുന്ന എക്സ്പോസാറ്റ് എന്ന നമ്മുടെ ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചുകൊണ്ടാണു നാം പുതുവർഷം ആരംഭിച്ചത്. ഈ കലണ്ടർ വർഷത്തിൽ കൂടുതൽ ബഹിരാകാശദൗത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശയാത്ര പുതിയ നാഴികക്കല്ലുകൾ താണ്ടാൻ പോകുന്നു എന്നതിൽ എനിക്കു സന്തോഷമുണ്ട്. നമ്മുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായുള്ള ഒരുക്കങ്ങൾ സുഗമമായി നടക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയുംകുറിച്ചു നാം എപ്പോഴും അഭിമാനിക്കുന്നു; എന്തെന്നാൽ, അവർ മുമ്പത്തേതിനേക്കാൾ വളരെ ഉയർന്ന ലക്ഷ്യങ്ങളാണ് ഏറ്റെടുക്കുന്നത്. മനുഷ്യരാശിയുടെയാകെ പ്രയോജനത്തിനായി ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പങ്കു വിപുലീകരിക്കാനും ആഴത്തിലാക്കാനും ഇന്ത്യയുടെ ബഹിരാകാശ പരിപാടി ലക്ഷ്യമിടുന്നു. ഐഎസ്ആർഒയുടെ സംരംഭങ്ങളോടു രാജ്യത്തു നാം കാണുന്ന ഉത്സാഹത്തിന്റെ അളവു ഹൃദയസ്പർശിയാണ്. ഈ മേഖലയിലെ പുതിയ നേട്ടങ്ങൾ യുവതലമുറയുടെ ഭാവനയെ ദീപ്തമാക്കി. കൂടുതൽ കുട്ടികൾ ശാസ്ത്രത്തിൽ തൽപ്പരരാകുകയും ശാസ്ത്രീയ മനോഭാവം വളർത്തുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. കൂടുതൽ യുവജനങ്ങൾ, പ്രത്യേകിച്ചു യുവതികൾ, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ തൊഴിൽ സ്വീകരിക്കുന്നതിന് ഇതു പ്രചോദനമേകും.എന്റെ പ്രിയ സഹ പൗരന്മാരേ,ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ്. ശക്തമായ, ഉറച്ച സമ്പദ്‌വ്യവസ്ഥയിൽ നിന്നാണ് ആ ആത്മവിശ്വാസം വരുന്നതും പ്രതിഫലിക്കുന്നതും. നമ്മുടെ സമീപ വർഷങ്ങളിലെ ജിഡിപി വളർച്ചാ നിരക്ക് മറ്റു പ്രധാന സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ചു ഏറ്റവും ഉയർന്നതായി തുടരുന്നു. ഈ അസാധാരണ പ്രകടനം 2024-ലും അതിനുശേഷവും തുടരുമെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് എല്ലാ കാരണങ്ങളുമുണ്ട്. സമ്പദ്‌വ്യവസ്ഥയെ ഊർജസ്വലമാക്കുന്ന അതേ ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം, എല്ലാ അർത്ഥത്തിലും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനത്തിനും ക്ഷേമപ്രവർത്തനത്തിനും ഊന്നൽ നൽകി എന്നതാണ് പ്രത്യേകിച്ചും ശ്രദ്ധേയമായ കാര്യം. മഹാമാരി ദിനങ്ങളിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനുള്ള പദ്ധതികളുടെ പരിധി ഗവൺമെന്റ് വർദ്ധിപ്പിച്ചിരുന്നു. ആ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ദുർബലരായ ജനങ്ങൾക്ക് സഹായഹസ്തമായി ഈ നടപടികൾ പിന്നീടും തുടർന്നു. ആ സംരംഭത്തിന്റെ പരിധി വിപുലീകരിച്ചുകൊണ്ട്, 81 കോടിയിലധികം ആളുകൾക്ക് അഞ്ച് വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകാൻ ഗവൺമെന്റ് തീരുമാനിച്ചു. ചരിത്രത്തിൽതന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ക്ഷേമ പദ്ധതിയായിരിക്കാം ഇത്.

മാത്രമല്ല, എല്ലാ പൗരന്മാർക്കും ജീവിത സൗകര്യം വർദ്ധിപ്പിക്കുന്നതിന് നിരവധി ദൗത്യ-രൂപേണയുള്ള പദ്ധതികൾ ആരംഭിച്ചു. വീട്ടിൽ സുരക്ഷിതമായ കുടിവെള്ളത്തിന്റെ മതിയായ ലഭ്യത മുതൽ സ്വന്തം വീട് എന്ന സുരക്ഷ വരെ, ഇവയെല്ലാം അടിസ്ഥാനപരമായ ആവശ്യകതകളാണ്, പ്രത്യേകാവകാശങ്ങളല്ല. ഈ കാര്യങ്ങൾ ഏതെങ്കിലും രാഷ്ട്രീയമോ അല്ലെങ്കിൽ സാമ്പത്തികമോ ആയ പ്രത്യയശാസ്ത്രത്തിന് അതീതമായി മാനുഷിക വീക്ഷണകോണിൽ നിന്ന് കാണേണ്ടതാണ്. ഗവൺമെന്റ്, ക്ഷേമപദ്ധതികൾ വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക മാത്രമല്ല, ക്ഷേമം എന്ന ആശയം തന്നെ പുനർനിർവചിക്കുകയും ചെയ്തു. ഭവനരഹിതർ അപൂർവമായ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുമ്പോൾ അത് നമുക്കെല്ലാവർക്കും അഭിമാനകരമായ ദിവസമായിരിക്കും. അതുപോലെ ദേശീയ വിദ്യാഭ്യാസ നയം, ഡിജിറ്റൽ വിഭജനം നികത്താനും പിന്നാക്ക അവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഒരു ഏകീകൃത വിദ്യാഭ്യാസ ഘടന സൃഷ്ടിക്കാനും മതിയായ ഊന്നൽ നൽകുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ വിപുലീകരിക്കുന്ന ഇൻഷുറൻസ് പരിരക്ഷ എല്ലാ ഗുണഭോക്താക്കളെയും അതിന്റെ കുടക്കീഴിൽ കൊണ്ടുവരാനും പാവപ്പെട്ടവർക്കും ദുർബലർക്കും മതിയായ പരിരക്ഷ നൽകാനും ലക്ഷ്യമിടുന്നു.നമ്മുടെ കായികതാരങ്ങൾ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തി. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുടെ റെക്കോർഡ് നേട്ടവുമായി നാം ചരിത്രം സൃഷ്ടിച്ചു, ഏഷ്യൻ പാരാ ഗെയിംസിൽ 111 മെഡലുകൾ നേടി. നമ്മുടെ മെഡൽ പട്ടികയിൽ സ്ത്രീകൾ വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നതിൽ നമുക്ക് സന്തോഷമുണ്ട്. നമ്മുടെ കായിക താരങ്ങൾ വൈവിധ്യമാർന്ന കായിക വിനോദങ്ങളും കളികളും ഏറ്റെടുക്കാൻ കുട്ടികളെ പ്രചോദിപ്പിക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. ഈ പുതിയ ആത്മവിശ്വാസത്തിൽ ഉത്തേജിതരായ നമ്മുടെ കായികതാരങ്ങൾ വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രിയ സഹ പൗരന്മാരെ,അടുത്ത കാലത്തായി, ലോകമെമ്പാടും നിരവധി സംഘർഷങ്ങൾ ഉയർന്നുവരുകയും പല ഭാഗങ്ങളിലും അക്രമം ഉണ്ടാവുകയും ചെയ്തു. സംഘർഷത്തിലുള്ള ഇരുപക്ഷവും തങ്ങളാണ് ശരിയെന്നും മറുവശത്തുള്ളവർ തെറ്റാണെന്നും വിശ്വസിക്കുമ്പോൾ, അത് മറികടക്കാൻ യുക്തിയുടെ വെളിച്ചത്തിൽ ഒരു വഴി കണ്ടെത്തണം. നിർഭാഗ്യവശാൽ, യുക്തിക്ക് പകരം ഭയങ്ങളും മുൻവിധികളും വികാരങ്ങൾക്ക് ആക്കം കൂട്ടുകയും, നിരന്തരമായ അക്രമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വലിയ തോതിൽ മാനുഷിക ദുരന്തങ്ങളുടെ ഒരു പരമ്പര ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ കഷ്ടപ്പാടുകളിൽ ഞങ്ങൾക്ക് വിഷമം തോന്നുന്നു. അത്തരം സമയങ്ങളിൽ, ഭഗവാൻ ബുദ്ധന്റെ വാക്കുകൾ നാം ഓർക്കുന്നു:न हि वेरेन वेरानि, सम्मन्तीध कुदाचनम्अवेरेन च सम्मन्ति, एस धम्मो सनन्तनो

അതിന്റെ അർത്ഥം:

“ഒരുകാലത്തും വിദ്വേഷത്തിലൂടെ ശത്രുതകൾ ശമിപ്പിക്കപ്പെടുന്നില്ല, മറിച്ച് രമ്യതയിലൂടെ ശമിപ്പിക്കപ്പെടുന്നു. ഇതാണ് ശാശ്വത നിയമം.”അഹിംസ എന്നത് കൈവരിക്കാൻ ബുദ്ധിമുട്ടുള്ള കേവലം ഒരു ആദർശം അല്ല, മറിച്ച് അത് ഒരു വ്യക്തമായ സാധ്യതയാണെന്ന് വർധമാൻ മഹാവീർ, സാമ്രാട്ട് അശോക് മുതൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വരെയുള്ളവരിലൂടെ ഇന്ത്യ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട് – സത്യത്തിൽ അഹിംസ പലർക്കും ഒരു ജീവിത യാഥാർത്ഥ്യമാണ്. സംഘർഷങ്ങളിൽ അകപ്പെട്ട പ്രദേശങ്ങൾ അവ പരിഹരിക്കുന്നതിനും സമാധാനം കൊണ്ടുവരുന്നതിനും സമാധാനപരമായ മാർഗം കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.ആഗോള പാരിസ്ഥിതിക പ്രതിസന്ധിയില്‍ നിന്നും ലോകത്തെ കരകയറ്റാനുള്ള വഴി കണ്ടെത്താനും ഇന്ത്യയുടെ പൗരാണിക വിജ്ഞാനത്തിനു കഴിയും. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള കാലാവസ്ഥാ പ്രവര്‍ത്തനങ്ങളിൽ നേതൃസ്ഥാനം കൈക്കൊള്ളുന്നതിനും ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പരിസ്ഥിതി ബോധമുള്ള ജീവിതശൈലി സ്വീകരിക്കുന്നതിന് ഇന്ത്യ ‘ ലൈഫ് (LiFE) പ്രസ്ഥാനം ‘ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാന പ്രശ്‌ന കൈകാര്യം ചെയ്യുന്നതില്‍ വ്യക്തിഗത സ്വഭാവ മാറ്റത്തിനു നമ്മുടെ രാജ്യം ഊന്നല്‍ കൊടുക്കുന്നതിനെ ആഗോള സമൂഹം അഭിനന്ദിച്ചിട്ടുണ്ട്. പ്രകൃതി മാതാവിനോട് ഇണങ്ങിച്ചേരുന്ന ജീവിതശൈലി എല്ലായിടത്തുമുള്ള ജനങ്ങള്‍ സ്വീകരിക്കുകയും അങ്ങനെ ഇക്കാര്യത്തില്‍ സംഭാവന നല്‍കുകയും ചെയ്യണം. ഇത് വരും തലമുറകള്‍ക്കായി ഭൂമിയെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സഹായകരമാകും.പ്രിയ സഹപൗരന്മാരെ,അമൃതകാലത്തിൻ്റെ ഈ കാലഘട്ടം അഭൂതപൂര്‍വ്വമായ സാങ്കേതിക മാറ്റങ്ങളുടേതു കൂടിയാണ്. നിർമിത ബുദ്ധിയും മെഷീന്‍ ലേണിംഗും പോലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ വാര്‍ത്താ തലക്കെട്ടുകളില്‍ നിന്നും അതിശയകരമായ വേഗത്തില്‍ നമ്മുടെ ദൈനംദിന ജീവിതത്തിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാല ഭാവിയില്‍ ആശങ്കഉളവാക്കുന്ന നിരവധി മേഖലകളുണ്ട്, അതുപോലെ ആവേശകരമായ അവസരങ്ങളും മുന്നിലുണ്ട്, പ്രത്യേകിച്ച് യുവാക്കള്‍ക്ക്. അവര്‍ പുതിയ അതിര്‍ത്തികള്‍ തേടുകയാണ്. അവരുടെ പാതയിൽ നിന്ന് തടസ്സങ്ങൾ നീക്കാനും അങ്ങനെ അവർ അവരുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കാനും നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. അവർക്ക് വേണ്ടത് അവസര സമത്വമാണ്. അവർക്കാവശ്യം മുൻകാലത്തെപ്പോലെ സമത്വത്തിൻ്റെ പേരിലുള്ള പൊള്ളയായ വാക്കുകളല്ല, മറിച്ച് നമ്മുടെ മാതൃകാപരമായ സമത്വത്തിൻ്റെ സാക്ഷാത്കാരമാണ്.എല്ലാത്തിനുമുപരി, അവരുടെ ആത്മവിശ്വാസമാണ് നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നത്. മാത്രമല്ല യുവാക്കളുടെ ഭാവി രൂപപ്പെടുത്തുന്ന അധ്യാപകരാണ് രാജ്യത്തിന്റെ ഭാവിയുടെ യഥാര്‍ത്ഥ ശില്‍പ്പികള്‍. നിശബ്ദമായി അധ്വാനിക്കുകയും രാജ്യത്തിന് മികച്ച ഭാവി സൃഷ്ടിക്കുന്നതിന് ശക്തമായ സംഭാവന നല്‍കുകയും ചെയ്യുന്ന നമ്മുടെ കര്‍ഷകരെയും തൊഴിലാളികളെയും കുറിച്ച് നന്ദിയോടെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശുഭകരമായ ഈ ദിനത്തിന്റെ തലേന്ന്, നമ്മുടെ സായുധ സേന, പോലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവയിലെ അംഗങ്ങളെ ഇന്ത്യ കൃതജ്ഞതയോടെ അഭിവാദ്യം ചെയ്യുന്നു, അവരുടെ വീര്യവും ജാഗ്രതയും ഇല്ലായിരുന്നുവെങ്കില്‍ നാം കൈവരിച്ച ഉയരങ്ങള്‍ നമുക്ക് അപ്രാപ്യമാകുമായിരുന്നു.ഞാന്‍ അവസാനിപ്പിക്കുന്നതിനു മുമ്പ്, ജുഡീഷ്യറിയിലെയും സിവില്‍ സര്‍വ്വീസിലെയും അംഗങ്ങളെ എന്റെ ആശംസ അറിയിക്കട്ടെ. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും പ്രവാസി സമൂഹത്തിനും എന്റെ റിപ്പബ്ലിക് ദിന ആശംസകള്‍! നമുക്കെല്ലാവര്‍ക്കും സാധ്യമായ എല്ലാ വിധത്തിലും രാഷ്ട്രത്തെയും സഹ പൗരന്മാരെയും സേവിക്കാന്‍ സ്വയം സമര്‍പ്പിക്കാം. ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

നന്ദി.

ജയ് ഹിന്ദ്!

ജയ് ഭാരത്!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close