Alappuzha

തോട്ടപ്പിള്ളി സ്പിൽവേയിലെ മണ്ണ് നീക്കം: നിറവേറ്റിയത് നാടിനോടുള്ള ബാധ്യത: മുഖ്യമന്ത്രി പിണറായി വിജയൻ -തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്നുള്ള മണൽ നൽകുന്നത് കെ എം എംഎല്ലിന്, സ്വകാര്യ കമ്പനിക്കല്ല

ആലപ്പുഴ: തോട്ടപ്പിള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ നാടിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണെന്നും ഒരു സ്വകാര്യ കമ്പനിക്കും ഇവിടെനിന്ന് മണൽ നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമുടിയിൽ നടന്ന കുട്ടനാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മണൽ നേരിട്ട് കേരള മെറ്റൽസ് ആന്റ് മിനറൽസ് ലിമിറ്റഡിന് (കെ എം എം എൽ) ആണ് നൽകുന്ന്. തോട്ടപ്പള്ളി സ്പിൽവേയുടെ സുഗമമായ ജലമൊഴുക്കിന് സ്പിൽവേയുടെ പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിനാണ് അനുമതി നൽകിയിട്ടുള്ളത്. 2018 ഓഗസ്റ്റ് ആറിനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്. 2019 ലും ഉത്തരവ് ഇറങ്ങി. ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ് (ഐ ആർ ഇ എൽ) പൂർണ്ണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. അതിന്റെ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയില്ല. ഈ പ്രവർത്തനങ്ങളുടെ ഫലം കുട്ടനാട്ടിൽ അനുഭവിക്കാൻ കഴിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018 ൽ പ്രളയകാലത്ത് 710 ദുരിതാശ്വാസ ക്യാംപുകളിൽ 4,17,762 പേരാണ് കഴിഞ്ഞത്. 2019 ൽ 1,25057 പേരും 2020 ൽ 8375 പേരും 2021 ൽ 18271 പേരും 2022 ൽ 2110 പേരുമാണ് ക്യാംപുകളിൽ കഴിഞ്ഞത്. സ്പിൽവേയുടെ വീതി കൂട്ടിയപ്പോൾ ജലമൊഴുക്ക് സുഗമമാകുകയും പ്രളയഭീഷണി ഒഴിയുകയും ചെയ്തു. സ്പിൽവേയുടെ വീതിയും ആഴവും കൂട്ടുക എന്നത് നാടിന്റെ ആവശ്യമായിരുന്നു. നാടിൻറെ താല്പര്യത്തിനാണ് ഇക്കാര്യത്തിൽ മുൻഗണന നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 ലെ പ്രളയകാലത്ത് കുട്ടനാട്ടിലെ പ്രളയഭീഷണി ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ മണ്ണ് നീക്കം ചെയ്യുന്നത് പ്രധാന ഘടകമായി വിലയിരുത്തി. വിവിധ യോഗങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ മണൽ നീക്കുന്നതിന് കേരള മെറ്റൽസ് ആന്റ് മിനറൽസ് ലിമിറ്റഡിന് അനുമതി നൽകി. കെ എം എം എല്ലുമായി ധാരണപത്രം ഒപ്പിടാൻ ഇറിഗേഷൻ വകുപ്പ് അഡ്മിനിസ്ട്രേഷൻ വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ഘനമീറ്ററിന് 464. 55 എന്ന നിരക്ക് മൂന്നുമാസത്തിനുശേഷം പുനർനിർണയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇത് അനുസരിച്ച് 2022 ഡിസംബർ മൂന്നിന് നിരക്ക് 900 രൂപയായി പുനർനിർണയിച്ചു. ധാതുക്കൾ നീക്കം ചെയ്ത മണൽ കടൽത്തീരത്ത് തിരികെ നിക്ഷേപിക്കാനും നിർദേശിച്ചു. കോടതിയിൽ പരാജയപ്പെട്ട വാദങ്ങളാണ് അസത്യ പ്രചാരണത്തിനായി ഉന്നയിക്കുന്നത്. തോട്ടപ്പിള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം. 2011-2016 കാലഘട്ടത്തിലാണ് മണൽ നീക്കാൻ നടപടി ആരംഭിച്ചത്. 2012 മെയ് 14നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവിലാണ് മണൽ നീക്കാനുള്ള അനുമതി ഉള്ളത്. കുട്ടനാട്ടിൽ അടക്കം വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് കാരണം വെള്ളത്തിന്റെ സ്വാഭാവിക തടസ്സപ്പെടുന്നതിനാലാണ്. മണൽ അടിഞ്ഞ് കൂടുന്നതിനാലാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത്. വെള്ളപ്പൊക്കം തടയുന്നതിനായാണ് മണൽ നീക്കാൻ അനുമതി നൽകിയത്. മണൽ നീക്കിയില്ലെങ്കിൽ കുട്ടനാട്ടിൽ വലിയ പ്രളയഭീഷണിയുണ്ടാകുമെന്ന് ചെന്നൈ ഐ ഐ ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കൂടി കണക്കിലെടുത്തായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് അതേ രീതിയിൽ നടപ്പാക്കാനായില്ല. പുറക്കാട് ഗ്രാമപഞ്ചായത്തുമായി ചേർന്ന് മണൽ നീക്കാനാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന് അനുമതി നൽകിയത്. പഞ്ചായത്തുമായി ധാരണയിൽ എത്താൻ കഴിയാത്തതിനാൽ ആ പ്രവർത്തനം നടന്നില്ല.

തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിൽ ഡ്രെഡ്ജ് ചെയ്തെടുത്ത ധാതു കലർന്ന 46000 ക്യുബിക് മീറ്റർ മണ്ണ് നീക്കാൻ 2014 മെയ് 16ന് വീണ്ടും ഉത്തരവിറങ്ങി. ഇന്ത്യൻ റെയർ എർത്ത് സ് ലിമിറ്റഡിനാണ് മണ്ണ് നീക്കാൻ അനുമതി നൽകിയത്. 72000 മീറ്റർ മണൽ കൂടി അനുവദിക്കണമെന്ന് ഐആർ ഇ എൽ ആവശ്യപ്പെട്ടു. 2016 ഏപ്രിൽ 25ന് അതിനും അനുമതി നൽകി. സ്വന്തം ചെലവിൽ ഡ്രെഡ്ജിംഗ് നടത്തി സൂക്ഷിച്ച 85000 ക്യുബിക്ക് മീറ്റർ മണൽ കൂടി ഐആർ ഇഎല്ലിന് നൽകാനും ഇക്കാലത്ത് നടപടിയെടുത്തു. കുട്ടനാട്ടിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കം നിവാരണം ചെയ്യുന്നതിന് വിവിധ പഠനങ്ങളാണ് നടന്നത്. കേന്ദ്രസർക്കാർ നിയോഗിച്ച എം എസ് സ്വാമിനാഥൻ കമ്മിറ്റി, ഐഐടിയുടെ പഠന റിപ്പോർട്ട്, പ്രളയ സാധ്യത അവലോകന റിപ്പോർട്ട് തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനത്തിലാണ് വെള്ളപ്പൊക്ക നിവാരണത്തിനുള്ള തുടർ നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് പക പോക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് തോമസ് കെ. തോമസ് എം.എൽ.എ. നെൽക്കതിർ ഉപഹാരമായി നൽകി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, എം.ബി. രാജേഷ്എന്നിവർ സംസാരിച്ചു. മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, വീണാ ജോർജ്, പി.രാജീവ്, വി. ശിവൻ കുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, അഹമ്മദ് ദേവർ കോവിൽ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, വി.അബ്ദുറഹിമാൻ, ജില്ലകളക്ടർ ജോൺ വി.സാമുവൽ എന്നിവർ പങ്കെടുത്തു.തോമസ് കെ.തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സ്വാഗതവും സംഘാടക സമിതി നോഡൽ ഓഫീസറായ സാമൂഹ്യ നീതി ഓഫീസർ എ.ഒ. അബീൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close