Kerala

കേരളീയം, ജനസദസ്: ചെലവ് 200 കോടി കടക്കുമെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപ കടക്കുമെന്ന വാർത്ത തെറ്റും ഈ ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്ത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരു പരിപാടികളുടെയും അന്തിമ ചെലവ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. ബജറ്റ് തയാറാകും മുമ്പ് 200 കോടിക്ക് മേലെ ചെലവ് എന്ന വാർത്ത വെറും ഊഹത്തിൽ നിന്ന് ജനിച്ചതാണ്.കേരളത്തിന്റെ മികച്ച മാതൃകകളും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഒരാഴ്ചക്കാലം തിരുവനന്തപുരത്ത് കേരളത്തിന്റെ മഹോത്സവമായി കേരളീയം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാകും ഇത്.ഇതിന്റെ നടത്തിപ്പിനായി 19 വിവിധ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. ഓരോ കമ്മിറ്റിയും തങ്ങൾക്ക് ആവശ്യമുള്ള തുകയുടെ ബഡ്ജറ്റ് തയ്യാറാക്കി വരുന്നതേയുള്ളൂ. അതിനിടെയാണ് ഇങ്ങനെയൊരു വാർത്ത വന്നിരിക്കുന്നത്. ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.നവംബർ 18 മുതൽ ഡിസംബർ 24 വരെ 140 മണ്ഡലങ്ങളിലായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനം നടക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് ജനസദസുകൾ നടത്തുന്നത്. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നു. ജനസദസുകൾക്ക് വലിയ ചെലവ് വരുമെന്ന പ്രചാരണവും തെറ്റാണ്. ഇതിന്റേയും അന്തിമ ബഡ്ജറ്റ് തയ്യാറായിട്ടില്ല. അതിനു മുൻപാണ് കേരളീയത്തെയും ജനസദസിനെയും ബന്ധപ്പെടുത്തി വാർത്ത വന്നിട്ടുള്ളത്.ഓരോ പദ്ധതിയും സർക്കാർ നടത്തുന്നത് ജനങ്ങളുടെയും നാടിന്റേയും ക്ഷേമം മുന്നിൽ കണ്ടാണ്. ഒരു പദ്ധതിയുടെ തുടർച്ചയായി മറ്റൊരു പദ്ധതിയോ പരിപാടിയോ രൂപപ്പെടുത്താറുമുണ്ട്. ഒരു പദ്ധതിയോ പരിപാടിയോ നാടിന് ഗുണം ചെയ്യുന്നതാണോ എന്ന് പരിശോധിച്ചാണ് പണം ചെലവഴിക്കുന്നത്. അത്തരത്തിൽ നോക്കുമ്പോൾ നാടിനും നാട്ടാർക്കും ഗുണകരമായ പരിപാടികളാണ് കേരളീയവും ജനസദസും.നാടിന്റെ നൻമയ്ക്കുതകുന്ന പദ്ധതികളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ട്. കേരളീയവും ജനസദസും ഇത്തരത്തിലുള്ള രണ്ടു പരിപാടികളാണ്. അത് വിജയിക്കുന്നതിന് മാധ്യമങ്ങളുടെ പൂർണ പിന്തുണ അനിവാര്യമാണ്. അതുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. തെറ്റായ വാർത്തകൾ നൽകുന്നതിനു പകരം ഈ പരിപാടികളുമായി സഹകരിക്കാൻ എല്ലാ മാധ്യമങ്ങളും തയാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close