Malappuram

ഊരുകളിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഏകോപനയോഗം വിളിക്കണം: വനിതാ കമ്മിഷന്‍

ഓരോ ജില്ലയിലെയും ആദിവാസി മേഖലകളിലെ പ്രത്യേകമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകോപന യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലപ്പുറം ജില്ലയിലെ പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് സംഘടിപ്പിച്ച പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നിലമ്പൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. പട്ടികവര്‍ഗ ഊരുകളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി മൂന്നുമാസത്തില്‍ ഒരിക്കല്‍ ഏകോപന യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കണം. മലപ്പുറം ജില്ലയിലെ വേണ്ടത്ര വികസനം എത്താത്ത വെറ്റിലക്കൊല്ലി ഉള്‍പ്പെടെയുള്ള ഊരുകളിലുള്ള ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ തീരുമാനമായിട്ടും വര്‍ഷങ്ങളായി നടപടി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇതു ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായിട്ടുള്ള നടപടികളും ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ആലോചിക്കണം. വിവിധ വകുപ്പുകള്‍ അവരുടേതായ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഊരില്‍ നടത്തുന്നുണ്ടെങ്കിലും പരസ്പരം ഏകോപനം ഇല്ലാത്തതിനാല്‍ ഒരു വകുപ്പ് എന്താണ് ചെയ്യുന്നതെന്ന് മറ്റൊരു വകുപ്പിന് അറിയാത്ത സാഹചര്യമുണ്ട്. ഇതുമൂലം സമാന്തരമായി ഒരേ രീതിയിലുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പട്ടികവര്‍ഗ ഊരിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൂന്നുമാസത്തിലൊരിക്കല്‍ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട് ഏകോപന യോഗം ചേരണം. ആദിവാസി മേഖലയില്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ അവിടെയുള്ള എല്ലാവര്‍ക്കും ലഭിക്കുന്നതിന് ആവശ്യമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും കുടുംബശ്രീയെയും ഉള്‍പ്പെടുത്തി രൂപീകരിക്കണം. ഇങ്ങനെ സംവിധാനം ഉണ്ടായാല്‍ ഇന്നുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സ്‌കൂളുകളില്‍ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഒഴിവാക്കാനുള്ള കരുതല്‍ പോലീസ്, എക്‌സൈസ് വകുപ്പുകള്‍ നടത്തുന്നുണ്ട്. ഇതിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഈ വകുപ്പുകള്‍ നടത്തുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധ വേണ്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ഇടപെടലും വേണം. മലപ്പുറം ജില്ലയിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ ഊരിലെ വീടുകള്‍ സന്ദര്‍ശിച്ച് ഇവിടുത്തെ ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മിഷന്‍ മനസിലാക്കിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാന്‍ കഴിയും എന്നാണ് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നിലമ്പൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന ഏകോപന സമിതി യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അവര്‍ നടപ്പാക്കി വരുന്ന പരിരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ചും യോഗത്തില്‍ വിശദീകരിച്ചു. ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, നിലമ്പൂര്‍ ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ, നിലമ്പൂര്‍ നഗരസഭ സെക്രട്ടറി ജി. ബിനുജി, മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്, നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാനു, കീസ്റ്റോണ്‍ അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫസീല, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റെജീന, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ടി. മധു, പോലീസ്, എക്‌സൈസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികളും പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരും സംസാരിച്ചു. വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close