Kerala

സ്‌പോർട്‌സ് സൈക്കോളജി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ജെ. ചിഞ്ചുറാണി

കായിക മത്സരങ്ങളിലെ ജയ പരാജയങ്ങൾക്കപ്പുറത്തു ആരോഗ്യമുള്ള ശാരീരിക വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം പരിശീലകരുടെ പ്രധാന ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ചു  ട്രെയിൻ ദി ട്രെയിനേഴ്സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കായിക താരങ്ങൾക്ക് ശാരീരികക്ഷമത പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. അതിനാൽ സ്‌പോർട്‌സ് സൈക്കോളജി പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല കായികതാരങ്ങളെ വാർത്തെടുക്കുക എന്നാൽ സത്യസന്ധതയും നേതൃഗുണവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ്. ആ നിലയ്ക്ക്  രാഷ്ട്ര നിർമാണ പ്രക്രിയ കൂടിയാണ് പരിശീലകർ ചെയ്യുന്നത്.

കായിക മേഖല എന്നത് രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറമാണ്. രാജ്യാന്തര സഹകരണം കായിക പരിശീലന രംഗത്ത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ടോപ്‌സ് സി.ഇ.ഒ. കമാൻഡർ പുഷ്പേന്ദ്ര ഗാർഗ്, മുൻ റയൽ മാഡ്രിഡ് താരം അലക്‌സാന്ദ്രോ ലാറോസ, ഗ്ലോബൽ ഫുട്‌ബോൾ ഡെവലപ്പ്‌മെന്റ് മാനേജർ പോൾ വോസ്നെ, ഇന്ത്യൻ അത്‌ലറ്റിക്‌സ് ഡെപ്യൂട്ടി ചീഫ് കോച്ച് എം.കെ. രാജ്മോഹൻ, മുൻ കായിക താരം കെ.സി. ലേഖ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close