Ernakulam

പ്രളയ രക്ഷാപ്രവർത്തനത്തിൽ പരിഭ്രാന്തരായി ജനം: മോക്ക് ഡ്രിൽ ആണെന്നറിഞ്ഞപ്പോൾ ആശ്വാസം

പുത്തൻവേലിക്കര സ്റ്റേഷൻ കടവിൽ പ്രളയ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

പുത്തൻവേലിക്കര സ്റ്റേഷൻ കടവിൽ പ്രളയ ജലത്തിൽ കുടുങ്ങിയവരെ പോലീസും ഫയർ ആൻഡ് റെസ്ക്യൂവും രക്ഷിക്കുന്ന ദൃശ്യങ്ങൾ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി.  

പ്രളയ ജലത്തിൽ ജനങ്ങൾ കുടുങ്ങി കിടക്കുന്നു എന്ന സന്ദേശം പതിനൊന്നാം വാർഡ് മെമ്പർ അജല പുരുഷനാണ് പറവൂർ താലൂക്ക് തഹസിൽദാർ പി.എസ് ജയശ്രീയെ അറിയിക്കുന്നത്. തഹസിൽദാർ ഉടനെ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ എന്നിവരെ വിവരമറിയിച്ചു. ശേഷം ജില്ലാ അടിയന്തര ഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ വിവരമറിയിക്കുന്നു. ഇവിടെ നിന്നും ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് അറിയിപ്പ് പോകുന്നു. 

നിമിഷങ്ങൾക്കുള്ളിൽ ഫയർ ഫോഴ്സ് വാഹനവും ആംബുലൻസുകളും സിവിൽ ഡിഫൻസ് അംഗങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി. പിന്നാലെ എൻ.ഡി.ആർ.എഫ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രളയ ജലത്തിൽ അകപ്പെട്ടവരെ ആംബുലൻസുകളിൽ പുത്തൻവേലിക്കര ഗവ. ആശുപത്രിയിലേക്കും പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭ ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പിലേക്കും മാറ്റി. 

ആദ്യം ജനങ്ങൾ പരിഭ്രമിച്ചെങ്കിലും ദേശീയ ദുരന്ത നിവാരണ സേനയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച ഫ്ലഡ് വാട്ടർ റെസ്ക്യൂ മോക്ക് ഡ്രിൽ ആണെന്നറിഞ്ഞപ്പോൾ അവർ സഹകരിച്ചു. 

ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ ഫയർ ആൻഡ് റെസ്ക്യൂ പറവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വി. ജി റോയ്, താലൂക്ക് തഹസിൽദാർ പി.എസ് ജയശ്രീ, എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ പ്രശാന്ത്, ,താലൂക്ക് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, എൻ.ഡി.ആർ.എഫ്, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ ഡിഫൻസ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ഭാഗമായി. 

പുത്തൻവേലിക്കര വിവേക ചന്ദ്രികസഭ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, പ്രദേശ വാസികൾ എന്നിവർ മോക്ക് ഡ്രിൽ കാണാൻ എത്തിയിരുന്നു. മോക്ക് ഡ്രില്ലിന് ശേഷം എൻ.ഡി.ആർ.എഫ് വിദ്യാർഥികൾക്ക് രക്ഷാപ്രവർത്തനത്തെ കുറിച്ച് ബോധവത്കരണവും നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close