Kottayam

തെരുവുനായകളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കൽ തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണം: ജില്ലാ ആസൂത്രണ സമിതി

കോട്ടയം: തെരുവുനായകളെ പിടിച്ച് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്ന നടപടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ യോഗത്തിലാണ് തീരുമാനം. തെരുവുനായകളെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുക മാറ്റിവച്ചിട്ടുണ്ട്. ഇത് ഫലപ്രദമായി നടപ്പാക്കണം. വാക്സിനേഷൻ നടപടികൾ മൃഗസംരക്ഷണ വകുപ്പ് നടത്തണമെന്നും യോഗം തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച 2022-23 ഹെൽത്ത് ഗ്രാന്റ് വാർഷിക പദ്ധതി ഭേദഗതികൾക്ക് യോഗം അംഗീകാരം നൽകി. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഇ-ഗ്രാം സ്വരാജ് പോർട്ടിൽ 2024-25 വാർഷിക പദ്ധതി സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും യോഗം നൽകി. പാലാ, ഈരാറ്റുപേട്ട, ചങ്ങനാശേരി നഗരസഭകളും പള്ളം, പാമ്പാടി, വൈക്കം, കടുത്തുരുത്തി, ഉഴവൂർ, ളാലം ബ്ലോക്ക് പഞ്ചായത്തുകളുമുൾപ്പെടെ 41 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികൾക്ക് ആസൂത്രണസമിതി അംഗീകാരം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ആസൂത്രണ സമിതി അംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, സുധാ കുര്യൻ, മഞ്ജു സുജിത്ത്, പി.ആർ. അനുപമ, ഇ.എസ്. ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close