Alappuzha

ജീവിത നിലവാരം ഉയർത്തുക നവകേരളം ലക്ഷ്യം: മന്ത്രി പി. രാജീവ്  

ആലപ്പുഴ: ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഹരിപ്പാട് മണ്ഡലം നവ കേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ജനാധിപത്യ ചരിത്രത്തിലെ ആദ്യ അനുഭവമാണ് നവകേരള സദസ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതിമത ചിന്തകൾക്ക് അതീതമായി സർക്കാർ നടത്തുന്ന ജനങ്ങളുടെ പരിപാടിയാണിത്. 

ജനങ്ങൾക്ക് ജനപ്രതിനിധികളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരമാണിത്. വികസിത രാജ്യങ്ങൾക്കൊപ്പമാണ് ഇന്ന് കേരളം.  മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങൾ കേരളത്തിൽ നിലവിലുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ അത്യാധുനിക നിലവാരത്തിലുള്ള ചികിത്സയാണ് ജനങ്ങൾക്ക് നൽകി വരുന്നത്.  അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് മാത്രമായി ഒരു ആരോഗ്യസ്ഥാപനം കോഴിക്കോട് സാധ്യമാക്കും. 

ഡിജിറ്റൽ യൂണിവേഴ്സിറ്റി, 1300 കോടി ചെലവിൽ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്ന ഡിജിറ്റൽ സയൻസ് പാർക്ക്, ഡാറ്റാ അനാലിസിസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങി ആധുനിക നിലവാരത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസമേഖലയും കരുത്താർജിക്കുകയാണ്. ലോകോത്തര ഐടി കമ്പനികൾ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിലവിലുള്ള സംസ്ഥാനമാണ് കേരളം. 

ആലപ്പുഴ വലിയ മാറ്റത്തിനാണ് വിധേയമാകുന്നത്. കയർ മേഖലയെ ആധുനികവൽക്കരിക്കും. പരമ്പരാഗത വ്യവസായ മേഖലകൾ ശക്തിപ്പെടുത്തും. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയെ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് ടൂറിസം മേഖലയിൽ സാധ്യമാകുന്നത്.  ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ദേശീയ ജലപാത കോവളം മുതൽ പൊന്നാനി വരെ അടുത്തവർഷം ഉദ്ഘാടനം ചെയ്യുമെന്നും കേരളത്തിന്റെ സവിശേഷതകൾക്കനുസരിച്ച് കേരളം  വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close