Uncategorized

കോർപറേറ്റ് ബ്രാൻഡുകളോട്   മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തി: എ എൻ ഷംസീർ

കാൽ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ ഏതൊരു കോർപ്പറേറ്റ് ബ്രാൻഡുകളോടും മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന റബ്‌കോ ഉത്പന്നങ്ങളുടെ മെഗാ പ്രദർശന – വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. റബ്‌കോ ഉത്പന്നങ്ങൾ വിപണിയിൽ ലോകോത്തര നിലവാരം പുലർത്തുന്നതാണ്. ഉത്പന്നങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റബ്‌കോ തുടക്കം മുതൽ സ്വീകരിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. റബറിന്റെ വില കൂട്ടണമെന്ന് പറയുന്നതിനോടൊപ്പം തന്നെ വീടുകളിൽ റബ്കോ ഉത്പന്നങ്ങൾ വാങ്ങണമെന്ന ക്യാമ്പയിനും മുന്നോട്ട് വെക്കണമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. മേയർ ഡോ. എം ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ വി കെ സി മമ്മദ്കോയ വൈറ്റ്ഫീൽഡ് ഡയറി എം ഡി ദീപക് മോഹൻദാസിന് നൽകി ആദ്യ വിൽപന നടത്തി. ഡിസ്ട്രിബ്യൂഷൻ സമർപ്പണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി മോഹനൻ മാസ്റ്റർ നിർവഹിച്ചു. പ്രസീദ് ഏറ്റുവാങ്ങി. 

ജനുവരി 15 വരെ നടക്കുന്ന മേളയിൽ റബ്‌കോയുടെ വിവിധങ്ങളായ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. റബ്‌കോയുടെ എല്ലാ ഉൽപ്പന്നങ്ങളും നേരിട്ട് പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് മേള കൊണ്ട് ലക്ഷ്യമിടുന്നത്. റബ്‌കോ മെത്തകൾ, ടേബിൾ, കട്ടിൽ, കസേര, സെറ്റി മുതലായ ഫർണീച്ചർ ഉത്പന്നങ്ങൾ, ചെരിപ്പുകൾ, റബ്‌കോ നൂട്രീകോയുടെ വിവിധ ഉത്പന്നങ്ങൾ, ഖാദി, ദിനേശ് തുണിത്തരങ്ങൾ, കുടകൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.

ചടങ്ങിൽ റബ്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി വി ഹരിദാസൻ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്,  കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ നാസർ, പി ദിവാകരൻ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. റബ്‌കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ സ്വാഗതവും ഡയറക്ടർ ടി വി നിർമ്മലൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close