National News

85 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാരും ഭിന്നശേഷിക്കാരും വീട്ടിലിരുന്നു വോട്ടു ചെയ്തു തുടങ്ങി: 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്നു

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയോവൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ഒരു സംരംഭത്തിനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) തുടക്കം കുറിച്ചത്. 85 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍ക്കും 40% അടിസ്ഥാന വൈകല്യമുള്ളവര്‍ക്കും (പിഡബ്ല്യുഡി) വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഇങ്ങനെ വോട്ടു രേഖപ്പെടുത്തി തുടങ്ങി. ഈ സംരഭം തെരഞ്ഞെടുപ്പു പ്രക്രിയയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിലും എല്ലാവർക്കും ലഭ്യമാക്കുന്നതിലും ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിലും സുപ്രധാന നാഴികക്കല്ലായിരിക്കും. രാജ്യത്താകമാനം 85 വയസ് കഴിഞ്ഞ 81 ലക്ഷത്തിൽ അധികം വോട്ടര്‍മാരും 90 ലക്ഷത്തിലധികം ഭിന്നശേഷിക്കാരായ വോട്ടര്‍മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടിക്രമം ലളിതമാണ്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം യോഗ്യരായ വോട്ടര്‍മാര്‍ ഫോം 12 ഡി പൂരിപ്പിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്കു സമര്‍പ്പിക്കണം. ഭിന്നശേഷിക്കാര്‍ അടിസ്ഥാന വൈകല്യം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നല്‍കണം.

ആവശ്യമായ ഡോക്യുമെൻ്റേഷൻ പൂർത്തിയാകുമ്പോൾ വോട്ടറുടെ താമസസ്ഥലത്ത് നിന്ന് ഫോം 12D സമാഹരിക്കേണ്ടത് ബൂത്ത് ലെവൽ ഓഫീസറുടെ (BLO) ഉത്തരവാദിത്തമാണ്. വിശ്വാസ്യതയും  സുതാര്യതയും നിലനിർത്തുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥികൾക്ക് ഈ വോട്ടർമാരുടെ ഒരു പട്ടിക   ലഭിക്കും. സ്ഥാനാർത്ഥികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഈ പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാം.



ഇതിനെത്തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം പോളിംഗ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക സംഘം വോട്ട് ശേഖരിക്കുന്നതിനായി വോട്ടറുടെ വസതി സന്ദർശിക്കും. ഈ സംഘത്തിന്റെ സന്ദർശനത്തിന് മുമ്പായി വോട്ടർമാരെ ഇത് സംബന്ധിച്ച് അറിയിക്കുന്നു. ഇത് സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ വോട്ടുചെയ്യാനുള്ള അവകാശം വിനിയോഗിക്കാൻ വോട്ടർമാർക്ക് അവസരം ഒരുക്കുന്നു. നടപടിക്രമങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിനും അവസരം പ്രയോജനപ്പെടുത്തുന്നതിനും വോട്ടർമാർക്ക് അവരുടെ വീട്ടിൽ നിന്നുള്ള വോട്ടിംഗ് സൗകര്യം സജീവമാകുന്ന ദിവസങ്ങളെ കുറിച്ച് എസ് എം എസ് വഴി അറിയിപ്പുകളും ലഭിക്കും. സുതാര്യതയ്ക്കായി പ്രക്രിയ പൂർണ്ണമായും വീഡിയോഗ്രാഫ് ചെയ്യുന്നതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിബദ്ധതയെ ഈ സംരംഭം എടുത്തു കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close