Ernakulam

ജനാധിപത്യത്തിലുള്ള വിശ്വാസ നഷ്ടം ഏകാധിപത്യത്തിലേക്കുള്ള പോക്ക് സുഗമമാക്കും: അഡ്വ. കാളീശ്വരം രാജ്

കാക്കനാട്: ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ഏകാധിപത്യത്തിലേക്കുള്ള പോക്ക് എളുപ്പമാകുന്നുവെന്നു സുപ്രീം കോടതി സീനിയർ അഡ്വക്കേറ്റ് കാളീശ്വരം രാജ്. അത്തരം പ്രവണതകൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി ഭരണഘടനാദിനാചരണത്തിന്റെ ഭാഗമായി “മാധ്യമങ്ങളും ഭരണഘടനയും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകരും മാധ്യമപ്രവർത്തകരും മാതൃകാപരമായി നിർവഹിക്കുന്നത് ജനാധിപത്യത്തെ നിലനിർത്തുക എന്ന ധർമ്മം ആണെന്നും ഈ രണ്ട് തൊഴിലുകളും നിലയുറപ്പിക്കുന്നത് രാജ്യത്തിനും പൗരന്മാർക്കും വേണ്ടിയാണെന്നും കാളീശ്വരം രാജ് പറഞ്ഞു. ഇന്ത്യയിൽ ഭരണ ഘടനാ സാക്ഷരതയുടെ കുറവ് ഉണ്ടെന്നും അതിനാൽ പൌരന്റെ അവകാശങ്ങളും കടമകളും വേണ്ട രീതിയിൽ മനസ്സിലാക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ലെന്നും മുഖ്യപ്രഭാഷണം നിർവ്വഹിച്ചു സംസാരിച്ച കുസാറ്റ് എൻ ആർ മാധവമേനോൻ സെൻറ്റർ ഇന്റർ ഡിസിപ്ളനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആന്റ പ്രോട്ടോകോൾസ് ഡയറക്ടർ പ്രൊഫ. വാണി കേസരി അഭിപ്രായപെട്ടു. മാധ്യമങ്ങൾ ഒരു വാർത്തയുടെ സത്യം വെളിപ്പെടുത്തും വിധം വസ്തുതകൾ അവതരിപ്പിക്കണമെന്ന് അവർ പറഞ്ഞു. മൗലിക അവകാശങ്ങൾ സമ്പൂർണ്ണമായി ഒരു പൗരനും അവകാശപ്പെടാൻ പറ്റില്ല എന്നും, അതിന്റെതായ പരിമിതികളും നിയന്ത്രണങ്ങളും ബാധകമാണ് എന്നും ഡോ. വാണി കൂട്ടിച്ചേർത്തു. മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്ക്കർ അദ്ധ്യക്ഷനായ ചടങ്ങിൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ രാജഗോപാൽ സംസാരിച്ചു. ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് അക്കാദമിയിൽ വിദ്യാർഥികൾക്കായി “ഡോ ബാബസഹേബ് അംബേദ്കർ” എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. കുസാറ്റിൽ ഉണ്ടായ അപകടത്തിൽ മരിച്ചവർക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close