Alappuzha

തടസ്സങ്ങള്‍ക്ക് വിരാമം; മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണം പുനരാരംഭിച്ചു 

ആലപ്പുഴ: അരൂര്‍, വൈക്കം മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണത്തിന് വീണ്ടും തുടക്കം. പാലം നിര്‍മാണം പുനരാരംഭിക്കുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മം എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. എം.എല്‍.എ.മാരായ ദലീമ ജോജോ, സി.കെ. ആശ
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആര്‍ രജിത, തൈക്കാട്ടുശ്ശേരി  പഞ്ചായത്ത് പ്രസിഡന്റ്  ബി. ഷിബു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ സജീവ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ്, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ സുരേഷ് ബാബു, ബി. വിനോദ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പാലത്തിന്റെ പടിഞ്ഞാറെക്കരയില്‍ നാലു പൈലുകള്‍ താഴ്ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. അതോടോപ്പം ബീമുകളുടെ നിര്‍മ്മാണത്തിനുള്ള ലോഞ്ചിങ്ങ് ഉപകരണങ്ങളും നിര്‍മ്മാണ സൈറ്റിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ആരിഫ് എം.പി. കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

പാലം നിര്‍മാണത്തിന് ആവശ്യമായ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാക്കേക്കടവിലും നേരേകടവിലുമായി  ഭൂവുടമകളില്‍ നിന്നായി സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് റേറ്റ് റിവിഷന്‍ സംബന്ധിച്ച പ്രശ്നം ഉയര്‍ന്നുവന്നത്. നിര്‍മാണം വൈകിയതുമൂലം ഉണ്ടായ അധിക ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍മാണ കമ്പനിയുടെ അപേക്ഷ മന്ത്രിസഭായോഗം അംഗീകരിച്ചതോടെയാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

തുറവൂര്‍- പമ്പ പാതയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്- മാക്കേകടവ് പാലം. ആദ്യ പാലമായ തൈക്കാട്ടുശ്ശേരി- തുറവൂര്‍ പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. ആലപ്പുഴ- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേകടവ് പാലത്തിന് 800 മീറ്റര്‍ നീളവും 750 മീറ്റര്‍ ക്യാരേജ് വേയുമാണുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളുമുണ്ട്. 22 സ്പാനോടുകൂടിയ പാലത്തിന്റെ നടുഭാഗത്തായി 47.16 മീറ്റര്‍ നീളത്തില്‍ നാവിഗേഷന്‍ സ്പാനും 35.76 മീറ്റര്‍ നീളമുള്ള നാല് സ്പാനുകളും 35.09 മീറ്റര്‍ നീളമുള്ള 16 സ്പാനുകളുമാണുള്ളത്. അതില്‍ മധ്യഭാഗത്തെ 47 മീറ്റര്‍ നീളത്തിലുള്ള രണ്ടു സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 

2011-12 വര്‍ഷത്തെ ബജറ്റിലാണ് തുറവൂര്‍-പമ്പാ റോഡിനായി 151 കോടി രൂപ പ്രഖ്യാപിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തുറവൂരില്‍ നിന്നും ആരംഭിച്ച് തൈക്കാട്ടുശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊന്‍കുന്നം, എരുമേലി വഴി പമ്പയില്‍ എത്തുന്നതാണ് പാത. തുറവൂര്‍ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, എരുമേലി തുടങ്ങി ഒട്ടേറെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നു പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close