Wayanad

മാലിന്യമുക്ത വയനാട്; പരിശോധന ശക്തമാക്കും -ജില്ലാ കളക്ടര്‍

ജില്ലയെ മാലിന്യ മുക്തമാക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈനില്‍ യോഗം തീരുമാനിച്ചു. മാലിന്യ മുക്തം നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് കേരള പഞ്ചായത്ത്- മുനിസിപ്പാലിറ്റി നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരമാണ് പരിശോധന ശക്തമാക്കുന്നത്. ജില്ലയെ മുഴുവനായും വലിച്ചെറിയല്‍ മുക്തമാക്കുക, ശാസ്ത്രീയമായി മാലിന്യ സംസ്‌കരണം നടപ്പാക്കുക, വിവിധ തരത്തിലുള്ള പ്ലാന്റുകള്‍, മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍, പൊതു സ്ഥലങ്ങളില്‍ ബിന്‍ സ്ഥാപിക്കുക തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി. മാലിന്യ ശേഖരണത്തിനായി എത്തുന്ന ഹരിത കര്‍മ്മ സേനക്ക് യൂസര്‍ ഫീ നല്‍ക്കാത്ത വീട്ടുകാര്‍ നിശ്ചിത കാലയളവിനുളളില്‍ (90 ദിവസത്തിനു ശേഷം) തുക കൊടുത്തില്ലെങ്കില്‍ പ്രതിമാസം 50 ശതമാനം പിഴ നല്‍കേണ്ടി വരും. പിഴ അടച്ചില്ലെങ്കില്‍ പൊതു നികുതി കുടിശ്ശികയിലേക്ക് കൂട്ടിചേര്‍ക്കും. പുതിയ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതിലൂടെ മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറാതിരിക്കല്‍, യൂസര്‍ഫീ നല്‍കാതിരിക്കല്‍, പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കല്‍ എന്നിവയ്ക്ക് 1000 രൂപ മുതല്‍ 10000 രൂപ വരെ പിഴ ഈടാക്കും. പൊതുസ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവടങ്ങളിലേക്ക് മലിന ജലം ഒഴുകിവിട്ടാല്‍ 5000 രൂപ മുതല്‍ 50000 രൂപ വരെ പിഴ നല്‍കണം. കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപയും ജലാശയങ്ങളില്‍ വിസര്‍ജ്ജന വസ്തുക്കളോ, മാലിന്യങ്ങളോ ഒഴുക്കിയാല്‍ 10000 രൂപ മുതല്‍ 50000 രൂപ വരെയുമാണ് പിഴ. വാഹനങ്ങളില്‍ മാലിന്യം നിയമവിരുദ്ധമായി കൊണ്ടുപോയാല്‍ /പിടിച്ചെടുത്താല്‍ വാഹനം കണ്ടുകെട്ടലും 5000 രൂപയും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കും.

പൊതു -സ്വകാര്യ ഭൂമിയില്‍ മാലിന്യം തള്ളുന്നവര്‍ക്ക് 5000 രൂപ പിഴ ചുമത്തും. പിഴ തുകകള്‍ക്കു പുറമേ അതത് വകുപ്പ് പ്രകാരമുള്ള മറ്റ് നിയമ നടപടികളും ബാധകമാണ്. ശിക്ഷാനടപടികള്‍ നടപ്പിലാക്കാന്‍ സെക്രട്ടറിക്ക് അധികാരം ഉണ്ടെങ്കിലും നോട്ടീസ് നല്‍കി നിയമ ലംഘകരുടെ വാദം കേട്ട് മാത്രമേ പിഴ ചുമത്തുകയുള്ളു. നേരിട്ട് പിഴ ചുമത്താന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല. മാലിന്യ നിക്ഷേപവുമായി ബഡപ്പെട്ട ഏതെങ്കിലും കുറ്റം നടന്നതായി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. പദ്ധതി മേല്‍നോട്ടത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതിയെ ഉറപ്പാക്കും. മാലിന്യ സംസ്‌കരണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനുള്ള നടപടികളും സ്വീകരിക്കും. മാലിന്യ സംസ്‌കരണ രംഗത്തെ നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ശക്തമാക്കി. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിലാണ് ജില്ലയില്‍ പരിശോധനകള്‍ നടത്തുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ-ചട്ട ലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, കുറ്റം കണ്ടെത്തല്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അനധികൃത ഉപയോഗം- വില്‍പന, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പിടിച്ചെടുക്കല്‍, പിഴ ഈടാക്കല്‍, നിയമ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍. സുല്‍ത്താന്‍ ബത്തേരി മാതൃക പിന്തുടര്‍ന്ന് ജില്ലയിലെ എല്ലാ ടൗണുകളെയും വൃത്തിയുള്ളതാക്കുക, ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. സ്വച്ഛ് സര്‍വേക്ഷന്‍ റാങ്കിങില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ച കല്‍പ്പറ്റ നഗരസഭയെ യോഗം അഭിനന്ദിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ റഹിം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close