THRISSUR

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി: മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നടത്തിയ കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള സദസ്സിനെ പൂർണമായും ബഹിഷ്കരിച്ചു കൊണ്ടുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. പക്ഷേ മുൻപെങ്ങും കാണാത്ത രീതിയിൽ വിപുലമായ ജനപങ്കാളിത്തമാണ് ഓരോ മണ്ഡലത്തിലും കാണാനാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകരമായ നടപടികൾ കേന്ദ്ര ഗവൻമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം എന്നത് സംസ്ഥാനത്തിന്റെ തനത് വരുമാനവും കേന്ദ്ര ഗവൺമെന്റിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതവും ഇതിനെല്ലാം പുറമെ വായ്പയുമാണ്. ഇതെല്ലാം ചേർത്ത് നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കാവശ്യമായ പദ്ധതികൾ ഈ തുക വിനിയോഗിച്ചാണ് നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതുവരുമാനം, ആഭ്യന്തര വരുമാനം, ആളോഹരി വരുമാനം എന്നിവ വർധിപ്പിക്കാനായിട്ടുണ്ട്. ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇത് കാണിക്കുന്നത് ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ സാമ്പത്തിക നിലയിയിലെ പുരോഗതിയാണ്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണ മാനദണ്ഡമനുസരിച്ച് നമുക്ക് അർഹതപ്പെട്ട കേന്ദ്ര ധനസഹായം ലഭിക്കുന്നില്ല. മാത്രമല്ല കടമെടുക്കാനുള്ള പരിധിയും കുറച്ചു.

കുറച്ച തുക തന്നെ മുഴുവനായി എടുക്കാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ പണം വെട്ടി കുറക്കുന്നു. ഇതു മൂലം ആഗ്രഹിക്കുന്ന രീതിയിൽ പദ്ധതികൾ പൂർത്തികരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

2016 ന് മുമ്പ് അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞ് പോയ ഒരു മേഖലയായിരുന്നു പൊതുവിദ്യാഭ്യാസ മേഖല. പൊതുവിദ്യാഭ്യാസ രംഗത്ത് നടത്തിയ ശക്തമായ ഇടപെടലിലൂടെ വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യത്തിനും അക്കാദമിക മികവും മെച്ചപ്പെടുത്താനായതായി മുഖ്യമന്ത്രി പറഞ്ഞു. 5 ലക്ഷം കുട്ടികൾ കൊഴിഞ്ഞ് പോയ സ്ഥാനത്ത് 10 ലക്ഷം കുട്ടികൾ പുതുതായി സ്കൂളിൽ വന്നു ചേർന്നു. ഇതിന് ഏറ്റവും അധികം സഹായിച്ചത് കിഫ്ബിയിലൂടെയുള്ള പശ്ചാത്തല സൗകര്യ വികസനമാണ്.

ആരോഗ്യരംഗവും 2016 ൽ തകർന്നടിഞ്ഞ അവസ്ഥയിലായിരുന്നു. ആശുപത്രികളെ മികവുറ്റതാക്കാൻ ആർദ്രം പദ്ധതിയിലൂടെ സാധിച്ചു. ആരോഗ്യ രംഗത്തെ ആകെത്തന്നെ മികച്ചതാക്കാൻ സാധിച്ചു. കോവിഡ് മഹാമാരി മൂർധന്യമായ അവസ്ഥയിലും ലോകത്തോട് കിടപിടിക്കുന്ന രീതിയിൽ നമ്മുടെ സംസ്ഥാനത്തെ സൗകര്യങ്ങൾ മികച്ച നിന്നു.

റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കിഫ്ബി ഒരു പാട് പദ്ധതികൾ നടപ്പിലാക്കി. കിഫ്ബിയിൽ നിന്ന് എടുക്കുന്ന തുക പൊതു കടത്തിൽ നിന്ന് കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കേരളത്തിന്റെ പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ കോൺഗ്രസ് എം.പിമാർ തയ്യാറാകുന്നില്ല. ക്ഷേമ പെൻഷനായി 1600 രൂപ 60 ലക്ഷം പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. സർക്കാരിന്റെ നയം പാവപ്പെടവരെ സഹായിക്കുക എന്നതാണ്. ഇത്തരം ഘട്ടത്തിലാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഒരോ സദസ്സുകളും നൽകുന്ന സന്ദേശം ഒരുമയുടേതാണ്. അതി സങ്കീർണമായ ഘടങ്ങളെ നാം ധൈര്യമായി നേരിട്ടു. അതുമൂലം ലോകം നമ്മെ അത്ഭുതത്തോടെയാണ് നോക്കി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുന്നംകുളം നിയോജക മണ്ഡലം നവകേരള സദസ്സിൽ എസി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം കൺവീനർ എസ്. ഹരീഷ് സ്വാഗതവും കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close