THRISSUR

സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് അംഗീകാരം

ജില്ലയിൽ 10 ആയുഷ് സ്ഥാപനങ്ങൾ മികവിന്റെ നിറവിൽ

തൃശൂർ ജില്ലയിലെ  ഭാരതീയ ചികിത്സാവകുപ്പിലെയും, ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഗവ. ആയുർവേദ ഡിസ്പെൻസറികളായ കോടന്നൂർ, ചൊവ്വന്നൂർ, ചെങ്ങാലൂർ, മുണ്ടത്തിക്കോട്, അയ്യന്തോൾ, അവിട്ടത്തൂർ എന്നീ സ്ഥാപനങ്ങളും ഗവ. ഹോമിയോ ഡിസ്പെൻസറികളായ പഴയന്നൂർ, കൊണ്ടാഴി, കൈപ്പറമ്പ്, അയ്യന്തോൾ എന്നീ സ്ഥാപനങ്ങളുമാണ് എൻ.എ.ബി.എച്ച് അംഗീകാരത്തിലേക്ക് ഉയർത്തപ്പെട്ടത്. 
കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ  നടന്നുവരുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികൾ 2023 ഏപ്രിലിൽ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കി എൻ.എ.ബി.എച്ച് ലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തത് കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിലെത്തന്നെ ഒരു നാഴികക്കല്ലാണ്. ഇതേതുടർന്ന് രണ്ടാം ഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങൾക്ക് ഈ വർഷം മാർച്ച്‌ മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകും.
     
സംസ്ഥാനത്തെ സർക്കാർ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന  പ്രഖ്യാപിത നിലപാടിൽ ഉറച്ച ഒരു കർമ്മ പദ്ധതി രൂപീകരിക്കുകയും, അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകൾ രൂപീകരിച്ചു. ഓരോ ജില്ലയിലും എൻ.എ.ബി.എച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡൽ ഓഫീസർമാരെയും ഫെസിലിറ്റേറ്റേഴ്സിനെയും നിയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ളവർക്ക് അവബോധം നൽകുന്നതിലേക്കായി യോഗങ്ങൾ സംഘടിപ്പിച്ചു. ക്വാളിറ്റി ടീമുകൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്കും വിവിധ തലങ്ങളിൽ പരിശീലനങ്ങൾ  നൽകി. ജില്ലാ-  സംസ്ഥാനതലങ്ങളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ന്യൂനതാ പരിശോധനകൾ  നടത്തി. ഇതിനായി ഒരു മൂല്യനിർണയ മാനേജ്മെൻറ് കമ്മിറ്റിയെയും   ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ഒരു ഡോക്യുമെന്റേഷൻ ടീമിനെയും രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രാജ്യത്താദ്യമായി ഒരു ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്കായുള്ള എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ഇംപ്ലിമെന്റേഷൻ കൈപ്പുസ്തകം തയ്യാറാക്കി. ഈ പദ്ധതിയുടെ തുടർന്നുള്ള പ്രവർത്തികൾ നടത്തുവാൻ കമ്മ്യുണിറ്റി ഹെൽത്ത് ഓഫീസർമാർക്ക് ഈ കൈപ്പുസ്തകം സഹായകമാകും.
വിപുലമായ ഗ്യാപ്പ് അനാലിസിസ് നടത്തി എല്ലാ സ്ഥാപനങ്ങളിലും അവശ്യമായ മുഴുവൻ ബയോമെഡിക്കൽ ഉപകരണങ്ങളുടെയും ലബോറട്ടറി ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കി. ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു.  രണ്ടാംഘട്ട പ്രവർത്തനങ്ങൾ 2023 ഡിസംബറിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന മാർച്ച്‌ മാസം രണ്ടാം ഘട്ടത്തിലുള്ള സ്ഥാപനങ്ങളുടെ സർട്ടിഫിക്കേഷന്‍ പ്രവ ർത്തനങ്ങൾ പൂർത്തിയാകും.  13 സ്ഥാപനങ്ങൾ ആണ് എൻ.എ.ബി.എച്ച് സ്റ്റാൻഡേർഡിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടിട്ടുള്ളത്. നാഷണൽ ആയുഷ് മിഷ ന്റെയും തദ്ദേശ സ്വയഭരണ സ്ഥാപങ്ങളുടെയും പൂർണ സഹകരണം മുതൽക്കൂട്ടായി.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുന്‍ വർഷങ്ങളേക്കാൾ മൂന്നിരട്ടി വർധനവാണ് ഉണ്ടായത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിന് പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു. ആയുഷ് മേഖലയില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം നടപ്പിലാക്കി. സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ ആണ് അനുവദിച്ചിരുന്നത്. എന്നാൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തന മികവും പദ്ധതി നിർവഹണമേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങൾ കൂടി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചിട്ടുണ്ട്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത്  ആന്റ് വെൽനസ് സെന്ററുകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോർട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്. ആയുഷ് ഒ.പി. വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നല്കുന്നത് കേരളത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close