Palakkad

മാലിന്യമുക്തം നവകേരളം രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കണം: ജില്ലാ കലക്ടര്‍

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. പരിശോധന നടത്തി സ്ഥിതിഗതികള്‍ അറിയിക്കുന്നതിനായി ആഴ്ച്ചതോറും യോഗം ചേരണം. ഇതിനുപുറമെ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ എത്ര കേസുകള്‍ നടപടിയെടുക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളിലേക്ക് ശിപാര്‍ശ ചെയ്തു, അതിന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവ ജില്ലാ ശുചിത്വമിഷന്‍ അറിയിക്കണം. ജില്ലാ കലക്ടറുടെ ചേംബറില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ജില്ലാതല സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസാരിക്കുകയായികുന്നു ജില്ലാ കലക്ടര്‍. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മാലിന്യം പൊതുയിടങ്ങളില്‍ തള്ളുന്നവരെ കണ്ടെത്തുന്നതിനായുള്ള സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രോജക്ടുകളുടെയും നിലവിലെ സ്ഥിതി അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
വ്യവസായ മേഖലയായ പുതുശ്ശേരിയില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും പുതുശ്ശേരി ഗ്രാമപഞ്ചായത്തിനായി പ്രത്യേക യോഗം വിളിക്കണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌നേഹാരാമം, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി. യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത്, നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close