Thiruvananthapuram

കിളിമാനൂർ ബ്ലോക്ക് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ നിറവിൽ

*നാവായിക്കുളം, കിളിമാനൂർ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു

രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ ബ്ലോക്ക്. അതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാവായിക്കുളം, കിളിമാനൂർ ഗ്രാമപഞ്ചായത്തുക്കളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. സ്മാർട്ട് ഫോൺവഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം കണ്ടത്.

ഏറ്റവും കൂടുതൽ പേരെ ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ച നാവായിക്കുളം പഞ്ചായത്തിലായിരുന്നു ആദ്യ പ്രഖ്യാപനം. നവായിക്കുളം ദേവസ്വം ഹാളിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ.സന്തോഷ് ബാബു പഞ്ചായത്ത്തല പ്രഖ്യാപനം നിർവഹിച്ചു. കിളിമാനൂർ രാജാ രവി വർമ സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ ജയപ്രകാശ് കിളിമാനൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. നാവായിക്കുളം പഞ്ചായത്തിൽ 7,332 പേരും കിളിമാനൂർ പഞ്ചായത്തിൽ 3,129 പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.

എട്ടു പഞ്ചായത്തുകളിലെ 136 വാർഡുകളിലായി മുപ്പത്തി രണ്ടായിരം പേരാണ് ആറു മാസം കൊണ്ട് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. കുടുംബശ്രീ,  ഇൻഫർമേഷൻ കേരള മിഷൻ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സി-ഡിറ്റ്, ഡി.എ.കെ.എഫ് എന്നിവരുടെ മേൽനോട്ടത്തിലും പങ്കാളിത്തത്തിലുമാണ് പദ്ധതി പൂർത്തിയാക്കിയത്.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ഡിജി കേരള പദ്ധതിയുടെ ഭാഗമായി ഐ.കെ.എം രൂപ കൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകളിൽ സർവേ നടത്തിയാണ് പഠിതാക്കളെ തെരഞ്ഞെടുത്തത്. സി-ഡിറ്റാണ് സാക്ഷരതാ പദ്ധതിയുടെ പാഠ്യപദ്ധതി തയാറാക്കിയത്. സ്മാർട്ട് ഫോൺ ഉപയോഗിക്കാനുള്ള പ്രാഥമികമായ അറിവ് കൈവരിക്കുക. ഏറ്റവും അത്യാവശ്യമായ സേവനങ്ങൾ പരിചയപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഡി.എ.കെ.എഫ് വോളണ്ടിയർമാർക്കും കുടുംബശ്രീപ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകി. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ നിർദേശ പ്രകാരം സി-ഡിറ്റ് തയാറാക്കിയ വെബ്‌സൈറ്റ് പഠിതാക്കൾ സ്വമേധയാ ലോഗിൻ ചെയ്ത് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്‌തെടുക്കുമ്പോഴാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി അംഗീകരിക്കുന്നത്.

ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ മേൽനോട്ടത്തിൽ എല്ലാ വാർഡുകളിലും പഠന കേന്ദ്രങ്ങളൊരുക്കി. വായനശാലകളും തൊഴിലുറപ്പു കേന്ദ്രങ്ങളും ഡിജിറ്റൽ സാക്ഷരതാ പരിശീലനത്തിന് കേന്ദ്രങ്ങളായി. താത്പര്യത്തോടെ മുന്നോട്ടു വന്ന 14 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും പദ്ധതിയുടെ ഭാഗമാവുകയായിരുന്നു. വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലും പ്രഖ്യാപനം നടക്കും.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി അധ്യക്ഷനായിരുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ മനോജ്, മറ്റ് ബ്ലോക്ക് -ഗ്രാമപഞ്ചായത്തംഗങ്ങൾ, ഡിജിറ്റൽ സാക്ഷരതാ പഠിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close