Thiruvananthapuram

രണ്ടരവർഷംകൊണ്ട് ഈ സർക്കാർ നൽകിയത് ഒന്നര ലക്ഷത്തിലേറെ പട്ടയം: മന്ത്രി കെ രാജൻ

അവനവൻചേരി, പെരിങ്ങമല സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടര വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പട്ടയം നൽകാൻ കഴിഞ്ഞുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിലെ അവനവൻചേരി, വാമനപുരം മണ്ഡലത്തിലെ പെരിങ്ങമല സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരമാവധി വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുകയാണ് സർക്കാർ ലക്ഷ്യം. 698 സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനോടകം 478 വില്ലേജ് ഓഫീസുകളെ സ്മാർട്ട് ആക്കാൻ സാധിച്ചു എന്നത് വലിയ ജനകീയ മുന്നേറ്റമാണ്. നാലുവർഷംകൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റിസർവേയുടെ ഭാഗമായി കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 2,17,000 ഹെക്ടർ ഭൂമി അളന്നു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

2023-24 പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിനായി ചെലവഴിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർമാണ ഏജൻസി. ജില്ലയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിനായി ഭരണാനുമതി ലഭിച്ച 76 ഓഫീസുകൾ 56 എണ്ണം നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 16 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പുരോഗമിക്കുകയാണ്. നാല് എണ്ണത്തിന് 2023-24 പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

അവനവഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം ചിറയിൻകീഴ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ഒ. എസ് അംബിക എംഎൽഎയുടെ അധ്യക്ഷതയിലും പെരിങ്ങമല സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം ഷാ ഓഡിറ്റോറിയത്തിൽ ഡി.കെ മുരളി എംഎൽഎയുടെ അധ്യക്ഷതയിലും ആണ് നടന്നത്. നിർമാണോദ്ഘാടന ചടങ്ങുകളിൽ ജനപ്രതിനിധികൾ, എ ഡി എം പ്രേംജി സി, മറ്റ് റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close