Palakkad

തൃത്താലയിൽ പശ്ചാത്തല മേഖലയിൽ വികസന കുതിപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തൃത്താല നിയോജകമണ്ഡലത്തിൽ പശ്ചാത്തല മേഖലയിൽ വലിയ വികസന കുതിപ്പാണുണ്ടായതെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വട്ടൊള്ളിക്കാവ്-ചാത്തന്നൂർ റോഡ് നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃത്താല മണ്ഡലത്തിൽ എട്ടു കോടി രൂപ ചെലവിലാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നത്. കേരളത്തിലെ മുപ്പതിനായിരം കിലോമീറ്റർ വരുന്ന പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം അഞ്ചുവർഷംകൊണ്ട് ബി.എം ആൻഡ് ബി.സി. നിലവാരത്തിലേക്ക് മാറ്റണമെന്നാണ് തീരുമാനിച്ചിരുന്നത്. രണ്ടര വർഷം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കി.

മന്ത്രി എം.ബി രാജേഷിന്റെ ഇടപെടലിൽ മണ്ഡലത്തിലെ മുഴുവൻ റോഡുകളും ബി.എം ആൻഡ് ബി.സിയാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മൂന്ന് റോഡ് പ്രവർത്തികൾ പുരോഗമിക്കുകയാണ്. മേഴത്തൂർ-വട്ടൊള്ളിക്കാവ് റോഡ്, കറുകപുത്തൂർ- അക്കിക്കാവ് റോഡ് എന്നിവ സാധ്യമാക്കേണ്ടതുണ്ട്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിപ്പുറം -തൃത്താല -പട്ടാമ്പി-ഷൊർണൂർ റോഡ് 20 കിലോമീറ്റർ നവീകരിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി 10.5 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു. ഈ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കൽ പ്രാരംഭഘട്ടത്തിലാണ്. ഭാരതപുഴയ്ക്ക് കുറുകെ പട്ടാമ്പി, തൃത്താല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പട്ടാമ്പി പാലം നിർമാണത്തിന് 52.58 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചുകഴിഞ്ഞു. അലൈൻമെന്റ് കല്ലിടൽ അവസാന ഘട്ടത്തിലാണ്. ജങ്ഷൻ നവീകരണ പദ്ധതിയിൽ ഉൾപ്പെട്ട കൂറ്റനാട് ആദ്യഘട്ടത്തിൽ നിർമ്മാണം ആരംഭിക്കുന്ന അഞ്ച് ജങ്ഷനുകളിൽ ഒന്നായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 20 ജങ്ഷനുകൾ വിദേശ രാജ്യങ്ങളിലേതു പോലെ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതാണ് പദ്ധതി. കൂറ്റനാടിന് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി 1.26 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.

കരിയന്നൂർ, സുശീലപ്പടി എന്നിവിടങ്ങളിൽ രണ്ട് റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് മുൻഗണന നൽകുന്നുണ്ട്. 32.91 കോടി ഇതിന് അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിൽ റണ്ണിങ് കോൺട്രാക്ട് പ്രവൃത്തികൾക്ക് 3.14 കോടി രൂപയാണ് അനുവദിച്ചത്. തൃത്താല മണ്ഡലത്തിലെ ടൂറിസം വികസനത്തിനും ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി.

അഞ്ചുവർഷംകൊണ്ട് മണ്ഡലത്തിൽ 150 റോഡുകൾ പൂർത്തിയാക്കും: മന്ത്രി എം.ബി രാജേഷ്

കഴിഞ്ഞ രണ്ടര വർഷം കൊണ്ട് മണ്ഡലത്തിൽ 114 റോഡുകളാണ് പൂർത്തീകരിച്ചതും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമായിട്ടുള്ളതും. അഞ്ചുവർഷംകൊണ്ട് മണ്ഡലത്തിൽ 150 റോഡുകൾ പൂർത്തിയാക്കും. റോഡ് വികസനത്തിനായി സാധ്യമായ എല്ലാ സ്രോതസുകളെയും ഉപയോഗപ്പെടുത്തുകയാണ്. ഇത്തരത്തിൽ തൃത്താല മണ്ഡലത്തിൽ ആദ്യമായി തീരദേശ റോഡുകൾക്ക് കൂടി അനുമതി നേടിയെടുത്തു. ജങ്ഷൻ നവീകരണ പദ്ധതിയിൽ ഉൾപ്പെട്ട കൂറ്റനാടിനു വേണ്ടി 13.29 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പ്രാരംഭഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close