Ernakulam

ആയിരങ്ങൾക്ക് ആശ്വാസമേകി ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്; മൂന്നാം പതിപ്പിൽ വിപുല സൗകര്യങ്ങൾ

കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൻ്റെ മൂന്നാം പതിപ്പിൽ ഏഴായിരത്തിലധികം പേർ ചികിത്സ തേടി. കളമശ്ശേരി മണ്ഡലത്തിലെ എല്ലാ വാർഡുകളിൽ നിന്നും മെഡിക്കൽ ക്യാമ്പിലേക്ക് ജനങ്ങളെത്തി. മോഡേൺ മെഡിസിനിലേതുൾപ്പെടെ 22 സ്പെഷ്യാലിറ്റികളിലായി ക്യാമ്പിലെത്തിയവർക്ക് ചികിത്സാ സൗകര്യമൊരുക്കി. കളമശ്ശേരി മണ്ഡലത്തിൽ രണ്ടു ഹോമിയോ ഡിസ്പെൻസറികൾ കൂടി അനുവദിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഏലൂർ, കളമശ്ശേരി മുൻസിപ്പാലിറ്റികളിലാണ് ഹോമിയോ ഡിസ്പെൻസറികൾ യാഥാർത്ഥ്യമാകുന്നത്.  

മൂന്നാമത്തെ മെഗാ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പാണ് മണ്ഡലത്തിൽ   നടന്നത്. ബി.പി.സി.എല്ലിന്റെയും എൽ.എൻ.ജി പെട്രോനെറ്റിന്റെയും സാമ്പത്തിക  സഹായത്തോടെയും കൊച്ചി ഐ.എം.എ യുടെ പങ്കാളിത്തത്തോടെയുമായിരുന്നു ക്യാമ്പ്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പിന്തുണയോടെ നടന്ന ക്യാമ്പിൽ എം.ആർ.ഐ, സി.ടി, എക്സ് റേ ഉൾപ്പെടെ എല്ലാ ആധുനിക പരിശോധന സൗകര്യങ്ങളും ഒരുക്കിയിരുന്നു. 

300 ഡോക്ടർമാരുടേയും 200 പാരമെഡിക്കൽ  ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ഓങ്കോളജി, ഓർത്തോ, ഒഫ്താൽമെട്രി, കാർഡിയോളജി തുടങ്ങി 22 വിഭാഗങ്ങളിലായി 24 ഒ.പി. കൾ ക്രമീകരിച്ചു. നേത്രചികിത്സാ വിഭാഗത്തിലാണ് ഏറ്റവുമധികം പേർ ചികിത്സക്കെത്തിയത്. 2000 ഓളം പേർ. ജില്ലയിലെ പ്രധാന നേത്ര രോഗാശുപത്രികളെല്ലാം ക്യാമ്പിൽ പങ്കെടുത്തു. ആധുനിക ദന്തൽ ചികിത്സാ സൗകര്യമൊരുക്കി ദന്തൽ കോളേജുകളുടെ നാല് ആധുനിക ബസുകൾ ക്യാമ്പിൽ സജ്ജമാക്കി. എക്സ്റേ, എക്കോ, അൾട്രാസൗണ്ട് സ്കാൻ, തുടങ്ങിയ പരിശോധനകൾ നടത്തുന്നതിനായി  അമൃത ആശുപത്രിയുടെ ബസ്സും ക്രമീകരിച്ചു. മലബാർ ഗോൾഡ് ചാരിറ്റബിൾ ട്രസ്റ്റ്, മുത്തൂറ്റ് എം ജോർജ്ജ് ഫൗണ്ടേഷൻ, നോവൽറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള ചികിത്സാ സഹായ പദ്ധതികളുടെ സഹായ കൗണ്ടറും ഒരുക്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാമ്പിലെത്താൻ വാഹന സൗകര്യമൊരുക്കിയിരുന്നു. ചികിത്സയ്ക്കായി എത്തിയവർക്ക് മരുന്നുകളും സൗജന്യമായി നൽകി. നിശ്ചിത സമയത്തിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കി തുടർ ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് മെഡിക്കൽ ക്യാമ്പുകളിലായി പതിനയ്യായിരത്തിലധികം ജനങ്ങൾ പങ്കെടുത്തിരുന്നു.

മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ സൗബിൻ ഷാഹിർ, സംവിധായകൻ ചിദംബരം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ബി.പി.സി.എൽ കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ, ഹൃദയാരോഗ്യ വിദഗ്ധൻ പത്മശ്രീ. ജോസ് ചാക്കോ പെരിയപ്പുറം, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി സുജിൽ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, ഐ.എം.എ കൊച്ചി ചാപ്റ്റർ പ്രസിഡൻ്റ് ഡോ. എം. എം. ഹനീഷ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ഡോ. ജുനൈദ് റഹ്മാൻ, ചലച്ചിത്ര നടന്മാരായ അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവർ  ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close