Malappuram

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു ‘സ്‌നേഹവീട്’ തക്കോൽ ദാനം മന്ത്രി നിർവഹിച്ചു

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലെ തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ നിർമിച്ച സ്‌നേഹവീടുകളുടെ തക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
വിവിധ സർക്കാർ പദ്ധതികളിലൂടെ മൂന്നരലക്ഷം അർഹരായവർക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. നാഷനൽ സർവീസ് സ്‌കീം വഴി ആയിരം വീടുകൾ നിർമിച്ചു നൽകും. ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികൾ മനുഷ്യത്വമുള്ളവരായി വളരുമെന്നും മറ്റുള്ളവരെ ചേർത്ത് പിടിക്കാനുള്ള മനസ് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ അംഗങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ചാണ് മൂന്ന് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്.
പരിപാടിയിൽ അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിക്കൊടുക്കാൻ സഹായിച്ച അധ്യാപകരെ മാനേജ്‌മെന്റ് ഉപഹാരം നൽകി ആദരിച്ചു. സ്‌കൂൾ മാനേജ്‌മെന്റിന്റെ ഉപഹാരം മന്ത്രിക്ക് കൈമാറി. മഞ്ചേരി നഗരസഭാ അധ്യക്ഷ വി.എം സുബൈദ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ വി.പി ഫിറോസ്, മുനിസിപ്പൽ കൗൺസിലർ സി.എം ഫാത്തിമ സുഹ്‌റ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി റുഖിയ, മഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു, എച്ച്.എം.വൈ.എച്ച്.എസ്.എസ് മാനേജർ വി.കുഞ്ഞിമൊയ്തീൻകുട്ടി, പ്രിൻസിപ്പൽ സി.കെ സാലിഹ്, പി.എം അബ്ദുന്നാസർ, സക്കീർ വല്ലാഞ്ചിറ, മുനിസിപ്പൽ കൗൺസിലർമാരായ സറീന ജൗഹർ, പരേറ്റ മുജീബുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം കൺവീനർ കെ.എം.എ ഷുക്കൂർ സ്വാഗതവും പ്രധാനധ്യാപകൻ എം. അൻവർ ഷകീൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close