Kottayam

തൊഴിലിടങ്ങളിൽ ഇന്റേണൽ പരാതിപരിഹാര കമ്മിറ്റി

രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം: വനിതാ കമ്മീഷൻ

– വനിതാ കമ്മീഷൻ സിറ്റിങ്: ഒൻപതു പരാതികൾ തീർപ്പാക്കി

കോട്ടയം: തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായുള്ള ഇന്റേണൽ പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അതതു സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ചങ്ങനാശേരി ഇ.എം.എസ്. ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

ജോലി സ്ഥലങ്ങളിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനുള്ള സജ്ജീകരണം വേണം. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നതിനാൽ കമ്മീഷൻ പോഷ് ആക്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ മക്കൾക്കുള്ള വിമുഖത കൂടിവരുന്നു. വയോധികരുടെ പരാതികൾ കേൾക്കുന്ന ട്രിബ്യൂണലുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും കമ്മീഷൻ പറഞ്ഞു. വഴിത്തർക്കം, കുടുംബ പ്രശ്‌നങ്ങൾ, വൃദ്ധരായ മാതാപിതാക്കളെ മക്കൾ നോക്കുന്നില്ല തുടങ്ങിയ പരാതികൾ കമ്മീഷൻ പരിഗണിച്ചു.

സിറ്റിംഗിൽ ആകെ 55 പരാതികൾ പരിഗണിച്ചു. ഒൻപതെണ്ണം പരിഹരിച്ചു. രണ്ടു പരാതികളിൽ പൊലീസിൽ നിന്നും ഒരു പരാതിയിൽ ആർ.ഡി.ഒയിൽ നിന്നും റിപ്പോർട്ട് തേടി. ഒരു പരാതി ജാഗ്രതാ സമിതിക്ക് കൈമാറി. 42 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. സി.എ. ജോസ് തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close