Kottayam

രാജ്യത്തെ മികച്ച കലാലയങ്ങളിൽ 21 ശതമാനവും കേരളത്തിൽ: മന്ത്രി ആർ. ബിന്ദു

കോട്ടയം: കേരളത്തെ പുത്തൻ വൈജ്ഞാനിക സമൂഹമായി മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂൾ മൈതാനത്ത് നടന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ നവകേരളസദസിൽ  പ്രസംഗിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വർഷം കൊണ്ട് 6000 കോടി രൂപയുടെ വികസനമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തിയത്. നാക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട പരിശോധനകളിലെല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തിളക്കമാർന്ന നേട്ടങ്ങളാണ് നേടി കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച 21 ശതമാനം കലാലയങ്ങളും കേരളത്തിലാണ്. വിദ്യാർത്ഥികൾക്ക് വേണ്ടി ലോകോത്തര സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നത്.

പഠിക്കുമ്പോൾ തന്നെ സമ്പാദിക്കുകയെന്ന ആശയം മുന്നോട്ട് വെച്ചു കൊണ്ട് ഏൺ ബൈ യു ലേൺ എന്ന പദ്ധതി നടപ്പാക്കുകയാണിപ്പോൾ. നൂതന ആശയവുമായി മുന്നോട്ട് വരുന്ന വിദ്യാർത്ഥികൾക്ക് അഞ്ച് ലക്ഷം രൂപ വരെ സർക്കാർ ധനസഹായം നൽകും. തുടർച്ചയായി മൂന്നുതവണ ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് മിഷനുകൾക്കുള്ള അംഗീകാരം കേരളം സ്വന്തമാക്കി. കേരളത്തിലെ തൊഴിൽ ക്ഷമത വർധിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുന്നതോടെ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിൽ ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങും. കുടുംബശ്രീ പ്രവർത്തകർക്കായി സംസ്ഥാനത്ത് 16 കേന്ദ്രങ്ങളിൽ  കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ ആരംഭിച്ചു. നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് വേണ്ടി 500 നവകേരള ഫെലോഷിപ്പുകൾ യുവഗവേഷകർക്ക് നൽകും. ഒരു മാസം ഒരു ലക്ഷം രൂപ വരെ ലഭിക്കാവുന്ന തരത്തിൽ  ഗവേഷകർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. പുതിയ കാലവും പുതിയ ലോകവും ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാവുന്ന തരത്തിൽ  കേരളത്തിലെ ജനസമൂഹത്തെ മാറ്റിയെടുക്കുകയെന്നതാണ് നവകേരള സൃഷ്ടി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close