Kollam

ചവറ നവകേരള സദസ് നാടിന്റെ ഭാവിക്കായി ജനങ്ങള്‍ ഐക്യത്തോടെ അണിനിരക്കുന്നു: മുഖ്യമന്ത്രി

നാടിന്റെ ഭാവിക്കായി ജനങ്ങള്‍ ഐക്യത്തോടെ അണിനിരക്കുന്ന കാഴ്ചയാണ് ഓരോ നവകേരള സദസ്സിലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്ക് സഹായകരമാണ് ജനങ്ങളുടെയും നിലപാട്. ബഹിഷ്‌കരണ പ്രഖ്യാപനം തള്ളിയതുതന്നെയാണ് തെളിവ്. ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്താണ് ജനങ്ങള്‍ വിവിധ സദസുകളിലൂടെ പകരുന്നത്.

പ്രതിസന്ധി പരിഹരിക്കുന്നതിന് ചുമതലപ്പെട്ടവര്‍ അവഗണനയും വിവേചനവും കാട്ടുന്നു. 2018 പ്രളയകാലത്ത് പ്രത്യേക പാക്കേജ് അനുവദിച്ചില്ല. അര്‍ഹതപ്പെട്ട സഹായവും നിഷേധിച്ചു. ഇതര രാഷ്ട്രങ്ങളില്‍ നിന്നുള്ള സഹായങ്ങളും നിരാകരിച്ചു. പ്രവാസികള്‍ ജോലിചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ള സഹായം വാങ്ങാതിരിക്കാനായി മന്ത്രിമാര്‍ക്ക് വിദേശത്തേക്ക് പോകുന്നതിനുളള അനുമതിയും നിഷേധിച്ചു. വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടവര്‍ തടസ്സം നില്‍ക്കുന്നവര്‍ക്ക് ഒപ്പമാണ്. 2016 ന് ശേഷം നാടിന്റെ പുനരുദ്ധാരണത്തിന് വേണ്ടി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെയും ഇരു കൂട്ടരും എതിര്‍ത്തു.

ആഭ്യന്തര വളര്‍ച്ചാനിരക്കും പ്രതിശീര്‍ഷ വരുമാനവും വര്‍ധിപ്പിച്ച് നേട്ടമുണ്ടാക്കിയ സംസ്ഥാനം സാമ്പത്തിക പ്രയാസം നേരിടുകയാണ്. കൃത്യമായ മാനദണ്ഡം പാലിച്ച് നല്‍കേണ്ട നികുതിവിഹിതം ക്രമരഹിതമായി വിതരണം ചെയുന്നു. വായ്പ എടുക്കലിനും തടസ്സം നില്‍ക്കുന്നു. നിയമസഭയുടെ അധികാരത്തിലും കൈകടത്തുന്നു. സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന അവസ്ഥയിലും 2025 നവംബര്‍ ഒന്നിന് സംസ്ഥാനത്ത് ഒരു അതിദരിദ്രര്‍ പോലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി. അബ്ദുറഹ്മാന്‍, ജി.ആര്‍. അനില്‍, സജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സുജിത്ത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷനായി.

മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ ചിഞ്ചുറാണി, കെ രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, ആര്‍. ബിന്ദു, കെ. രാജന്‍, ആന്റണി രാജു, വി.എന്‍. വാസവന്‍, കെ. കൃഷ്ണന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി. എ എം ആരിഫ് എം പി, ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close