Idukki

ലോക്സഭാ  തിരഞ്ഞെടുപ്പ്: പ്രോട്ടോക്കോള്‍ പാലിക്കാം, പരിസ്ഥിതി സൗഹൃദമാക്കാം

ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പ്രകാരം നടത്താനും  പ്രചാരണം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മുഖ്യ തിരഞ്ഞെടുപ്പ്  ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. പരസ്യ പ്രചാരണ ബോര്‍ഡുകള്‍, ഹോര്‍ഡിങ്സുകള്‍ തുടങ്ങിയവക്ക് പ്ലാസ്റ്റിക്, പി വി സി വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക്, പി വി സി വിമുക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം  പ്രചാരണങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായി നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അഭ്യര്‍ഥിച്ചു.

മറ്റു നിര്‍ദേശങ്ങള്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയ പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാവൂ. പി വി സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി വി സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോയുള്ള പുനഃചംക്രമണ സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം.
നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍  നിയമ നടപടി സ്വീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
 പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന്  ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം. എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും പരമാവധി ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. പോളിങ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷന്‍ സാധനസാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം. പോളിങ് ഉദ്യോഗസ്ഥനും എജന്റുമാരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കുടിവെള്ളം മുതലായവ കൊണ്ടുവരുവാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടയിനറുകളും പരമാവധി ഒഴിവാക്കണം.
തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് കാമ്പയ്ന്‍ സാമഗ്രികള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പ് ,രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിങ് ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ഇവ ശേഖരിച്ച് കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാനും  ഉത്തരവില്‍ നിര്‍ദേശമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close